കാസര്‍കോട്: കയറൂരിവിട്ടുള്ള കന്നുകാലി കൃഷിക്കാര്‍ ശ്രദ്ധിക്കുക. ദേശീയപാത പൂര്‍ത്തിയാവുന്നതോടെ അതില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചു കൊണ്ടു പോയി പൂട്ടിയിടാന്‍ ഷെല്‍ട്ടര്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു.
കര്‍ഷകരും, ക്ഷീരകര്‍ഷകരും ഏറെയുള്ള പ്രദേശങ്ങളില്‍ കന്നുകാലികള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ ദേശീയപാതയില്‍ ‘കാറ്റല്‍ റോഡ്”സംവിധാനം ഒരുക്കണമെന്ന് കന്നുകാലി കര്‍ഷകര്‍ മുന്‍കൂട്ടി ആവശ്യമുന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ദേശീയപാതയില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികളെ പൂട്ടാനുള്ള ‘സംരക്ഷണ കേന്ദ്രം'(ഷെല്‍ട്ടര്‍) ഒരുക്കാന്‍ ദേശീയപാത അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നറിയുന്നു.
ജില്ലയില്‍ വിവിധ ഇടങ്ങളില്‍ കന്നുകാലി റോഡ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ക്ഷീര കര്‍ഷകരും, സന്നദ്ധസംഘടനകളും, ജനപ്രതിനിധികളും നിവേദനങ്ങള്‍ നല്‍കി കാത്തുനില്‍ക്കുന്നതിനിടയിലാണ് കന്നുകാലി വിഷയത്തില്‍ കഴിഞ്ഞദിവസം ദേശീയപാത അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശം. ദേശീയപാതയില്‍ 50 കിലോമീറ്റര്‍ ഇടവിട്ട് അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ക്കായി ഷെല്‍ട്ടര്‍ നിര്‍മ്മിക്കണമെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്. ദേശീയപാത അതോറിറ്റിയുടെ സ്ഥലത്ത് ഒരുക്കുന്ന ഷെല്‍ട്ട റുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യ ഏജന്‍സികള്‍ക്കായിരിക്കുമെന്നു അറിയിപ്പില്‍ പറയുന്നു. അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ കാരണം വാഹന അപകടങ്ങള്‍ പെരുകുന്നത് കണക്കിലെടുത്താണ് പുതിയ നിര്‍ദേശം. 100 പശുക്കളെ ഉള്‍ക്കൊള്ളാവുന്ന തരത്തിലായിരിക്കണം ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കേണ്ടതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
