പി പി ചെറിയാന്‍
ഫോര്‍ട്ട് വര്‍ത്തു(ടെക്‌സാസ്): ഫോര്‍ട്ട് വര്‍ത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. ഇതിനെത്തുടര്‍ന്നു ഫോര്‍ട്ട് വര്‍ത്ത് പരിസരം ആശങ്കയുടെ നിഴലിലാണ്. പുലര്‍ച്ചെ ഏകദേശം 3 മണിയോടെ 4200 ലിസ്ബണ്‍ സ്ട്രീറ്റിന് സമീപമാണ് വെടിവെപ്പുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വീടുകളിലും കാറുകളിലും വെടിയുണ്ടകളേറ്റ ദ്വാരങ്ങള്‍ കാണാമായിരുന്നു. നടപ്പാതയില്‍ രക്തം പുരണ്ടിരുന്നു. ‘ഞാന്‍ സ്വീകരണമുറിയില്‍ ഇരുന്നു, വെടിയൊച്ചകള്‍ കേള്‍ക്കുകയായിരുന്നു,’ പ്രദേശവാസിയായ ഓസ്വാള്‍ഡോ ലോപ്പസ് പറഞ്ഞു. വിവരത്തെ തുടര്‍ന്ന് ഫോര്‍ട്ട് വര്‍ത്ത് പോലീസ് പുലര്‍ച്ചെ 3.20 ഓടെ സംഭവസ്ഥലത്ത് എത്തി. അന്വേഷണത്തില്‍ രണ്ട് പേര്‍ മരിച്ചതായി കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ട ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവയ്പ്പിലേക്ക് നയിച്ചത് എന്താണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.