കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍, കമ്പാര്‍, ബദ്രഡുക്കയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ ആക്രമിക്കുകയും പതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്തതായി പരാതി. ശനിയാഴ്ച രാത്രിയാണ് സംഭവം. ഉള്ളാള്‍, കോട്ടേക്കാര്‍, കൊല്യ, മെഹാഗ് മന്‍സിലിലെ മുഹമ്മദ് മുഫീദ് (21) ആണ് ആക്രമത്തിനു ഇരയായത്. പരാതിക്കാരനും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും അടിക്കുകയും കല്ലു കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. മുഹമ്മദ് മുഫീദിന്റെ പരാതിയില്‍ കൂഡ്‌ലു വില്ലേജിലെ ശിവകുമാര്‍, കണ്ടാല്‍ അറിയാവുന്ന മറ്റു ഒന്‍പതു പേര്‍ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കേസില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേ സമയം അക്രമ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനു നേരെ കയ്യേറ്റ ശ്രമവുമുണ്ടായി. അക്രമത്തില്‍ പരിക്കേറ്റ മുഹമ്മദ് മുഫീദിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ച ടൗണ്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ പയ്യന്നൂര്‍, അഡൂര്‍, അത്തായി ഹൗസിലെ നിവിലി(35)നും സംഘത്തിനും നേരെയാണ് അതിക്രമം ഉണ്ടായത്. ഇയാളുടെ പരാതിയില്‍ കൂഡ്‌ലു വില്ലേജിലെ പ്രദീപ് കുമാറിനും കണ്ടാല്‍ അറിയാവുന്ന ഒന്‍പതു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
