കാസര്‍കോട്: അപകടത്തില്‍ പെട്ട കാറില്‍ നിന്നു 25,88000 രൂപ പിടികൂടി. ശനിയാഴ്ച രാത്രി 11.30മണിയോടെ മഞ്ചേശ്വരം ദേശീയ പാതയിലാണ് സംഭവം. മംഗ്‌ളൂരു ഭാഗത്ത് നിന്നു ഹൊസങ്കടി ഭാഗത്തേക്ക് ഫ്രൂട്‌സ് കയറ്റി വരികയായിരുന്ന കാറും എതിരെ വന്ന മറ്റൊരു കാറും മഞ്ചേശ്വരത്ത് അപകടത്തില്‍ പെട്ടിരുന്നു. ഇരു കാറുകളിലും ഉണ്ടായിരുന്നവര്‍ തമ്മില്‍ അപകടത്തെച്ചൊല്ലി വാക്കു തര്‍ക്കം ഉണ്ടായി. ഇതോടെ സ്ഥലത്തെത്തിയ ഹൈവെ പൊലീസ് എസ്‌ഐ സുമേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പണത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടുവെങ്കിലും ഹാജരാക്കുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന കാസര്‍കോട് കമ്പാര്‍ സ്വദേശിയേയും ഹൊസബട്ടു സ്വദേശിയേയും മഞ്ചേശ്വരം പൊലീസിനു കൈമാറി. പണവും കാറും മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയിലാണ്. കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് നോട്ടീസ് നല്‍കി വിട്ടയച്ചതായി മഞ്ചേശ്വരം പൊലീസ് പറഞ്ഞു.
