കണ്ണൂര്‍: ഉളിക്കലില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയിലായി. നുച്യാട് സ്വദേശിയായ മുബഷീര്‍, കര്‍ണാടക സ്വദേശികളായ കോമള, അബ്ദുള്‍ ഹക്കീം എന്നിവരാണ് പിടിയിലായത്. ഉളിക്കലിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മുപ്പതോളം കുടുംബങ്ങള്‍ ക്വാട്ടേഴ്‌സില്‍ താമസിക്കുന്നുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നാണ് റൂറല്‍ എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ സ്ഥലത്തെത്തിയത്. വാതില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു സംഘം. പൊലീസിനെ കണ്ടപ്പോള്‍ മയക്കുമരുന്ന് ടോയിലറ്റിലിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂവരെയും പിടികൂടിയത്. എംഡിഎംഎ വെള്ളത്തിലിട്ട് നശിപ്പിക്കാനുള്ള ശ്രമവും നടന്നു. മുറിയില്‍ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതികളെ ഉളിക്കല്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്.
