കാസർകോട്: പ്രശസ്ത പൂരക്കളി മറുത്തുകളി ആചാര്യനും സംസ്കൃത പണ്ഡിതനുമായ കരിവെള്ളൂർ കുണിയനിലെ വി പി ദാമോദരൻ പണിക്കർ (85) വിട വാങ്ങി. പയ്യന്നൂർ സംസ്കൃത മഹാവിദ്യാലയം, നീലേശ്വരം പ്രതിഭ കോളേജ് എന്നിവിടങ്ങളിൽ സംസ്കൃത അധ്യാപകൻ ആയിരുന്നു. കേരള പൂരക്കളി കലാ സംസ്കൃത പഠന കേന്ദ്ര സ്ഥാപകനായിരുന്നു. പൂരോത്സവം കളിയും മറത്തു കളിയും എന്ന ഗ്രന്ഥം രചിച്ചിരുന്നു. സംഗീത നാടക അക്കാദമി അവാർഡ്, പൂരക്കളി മറുത്തുകളി സമഗ്ര സംഭവനയ്ക്കുള്ള പുരസ്കാരം, ഫോക്ക് ലോർ അക്കാദമിയുടെ ഫെല്ലോഷിപ്പ്, യു ആർ എഫ് പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. പതിനഞ്ചാം വയസ്സിൽ പയ്യന്നൂർ മമ്പലം ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് മറത്തുകളി സപര്യ ആരംഭിച്ചത്. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ഭയങ്കര പൂമാല ഭഗവതി ക്ഷേത്രത്തിൽ നിന്ന് പട്ടും വളയും ലഭിച്ചു. 43 ആം വയസ്സിൽ വീരശൃംഖലയും നൽകി ആദരിച്ചു. കണ്ണപുരം ഇടക്കേപുറം പൂമാല ഭഗവതി ക്ഷേത്രത്തിൽ വച്ചാണ് അവസാന മറത്തുകളി അവതരിപ്പിച്ചത്. കുണ്ടത്തിൽ പത്മാവതിയാണ് ഭാര്യ. മക്കൾ: നിർമ്മല, സുജാത, സുഷമ, സജീവൻ, സുഹാസിനി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കുണിയയിലെ സമുദായ ശ്മശാനത്തിൽ നടക്കും.
