അബുദാബി: യുഎഇ യുടെ പല ഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അബുദാബി, ദുബൈ എന്നിവിടങ്ങളില്‍ പകല്‍ സമയത്ത് താപനില ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാത്രി സമയങ്ങളില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയായിരിക്കും. പകല്‍ സമയങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില 21 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കൂടിയ താപനില 29 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ശനിയാഴ്ച രാവിലെ ചില ഉള്‍പ്രദേശങ്ങളിലും തീരദേശ മേഖലകളിലും മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയില്‍ വടക്കു പടിഞ്ഞാറന്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു. റോഡുകളിലെ സുരക്ഷ ഉറപ്പാക്കാന്‍, അല്‍ ഐന്‍ മുതല്‍ ദുബായ് റോഡ് വരെയുള്ള മസാകിന്‍, അല്‍ ഹിയാര്‍ എന്നിവയുള്‍പ്പെടെ നിരവധി റൂട്ടുകളില്‍ പൊലീസ് വേഗത പരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചു. ശനിയാഴ്ചയും മൂടല്‍ മഞ്ഞ് സമാനമായ അന്തരീക്ഷമായിരിക്കും.
