കണ്ണൂര്‍: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. ആയിരക്കളം സ്വദേശി രോഹിണിക്കാണ് പരിക്കേറ്റത്. രോഹിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കണ്ണൂര്‍ ഇരിട്ടി ആയിരക്കളത്താണ് പൊട്ടിത്തെറിയുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് 3.45ഓടെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെ തോട്ടിലുണ്ടായിരുന്ന ചാക്ക്കെട്ട് കത്തി ഉപയോഗിച്ച് വലിച്ചെടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്നു രോഹിണിക്ക് പരിക്കേൽക്കുകയായിരുന്നു. ചാക്കിനുള്ളിലുണ്ടായിരുന്ന പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. വന്യമൃഗങ്ങളടക്കം കൃഷിയിടത്തേക്കിറങ്ങുന്ന സ്ഥലമായതിനാൽ ഇവിടെ പന്നിപ്പടക്കം ഉപയോഗിക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
