കാസര്‍കോട്: ഉപ്പള, സോങ്കാലിലെ അല്‍ത്താഫി(52)നെ തട്ടിക്കൊണ്ടു പോയി അടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാം പ്രതി അറസ്റ്റില്‍. കുബണൂരിലെ റിയാസ് എന്ന പടപ്പ് റിയാസി(32)നെയാണ് കുമ്പള എസ്.ഐ കെ. രാജീവനും സംഘവും അറസ്റ്റു ചെയ്തത്. 2019 ജൂണ്‍ 23ന് ആണ് അല്‍ത്താഫിനെ തട്ടിക്കൊണ്ടു പോയത്.
കൊല്ലപ്പെട്ട അല്‍ത്താഫിന്റെ ഭാര്യയ്ക്ക് ആദ്യ ഭര്‍ത്താവിലുള്ള മകള്‍ ആമിനത്ത് സറീനയുടെ ഭര്‍ത്താവും സോങ്കാല്‍ സ്വദേശിയുമായ ഷബീര്‍ മൊയ്തീന്‍, ഇയാളുടെ സുഹൃത്തുക്കളായ ലത്തീഫ്, റിയാസ് തുടങ്ങി അഞ്ചുപേരാണ് കേസിലെ പ്രതികള്‍. നേരത്തെ പൊലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ അല്‍ത്താഫിനെ തട്ടിക്കൊണ്ടു പോയി കര്‍ണ്ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് മര്‍ദ്ദിച്ചവശനാക്കുകയും നില ഗുരുതരമായതോടെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് കേസ്. കൊലക്കേസില്‍ റിയാസ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് റിയാസ് ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
