ചെന്നൈ: ഡോക്ടറെയും ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ അണ്ണാ നഗറിലാണ് സംഭവം. സോണോളജിസ്റ്റായി ജോലി ചെയ്യുന്ന ബാലമുരുഗന്‍ (52), അഭിഭാഷകയായ ഭാര്യ സുമതി (47), മക്കളായ ദശ്വന്ത്(17) ലിംഗേഷ്(15) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം കുടുംബം കൂട്ട ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഡോക്ടറായ ബാലമുരുകന്‍ സ്‌കാനിങ് സെന്റര്‍ നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. സ്‌കാനിങ് സെന്റര്‍ ബിസിനസിലുണ്ടായ ഭീമമായ നഷ്ടമാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണം എന്നാണ് വിവരം. നിരവധി അള്‍ട്രാസൗണ്ട് സ്‌കാനിങ് സെന്ററുകള്‍ നടത്തിയിരുന്ന ഡോ. ബാലമുരുഗന്‍ വന്‍ കടക്കെണിയില്‍ ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രാവിലെ ഡോക്ടറുടെ ഡ്രൈവര്‍ വീട്ടിലെത്തിയപ്പോള്‍ ആരും വാതില്‍ തുറന്നില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് നാല് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പോ മറ്റെന്തെങ്കിലും രേഖകളോ പൊലീസിന് ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല.
