തിരുവനന്തപുരം: നടി ചിപ്പി പൊങ്കാലയിടാന്‍ എത്തുമോയെന്നു ചോദിക്കാത്ത മാധ്യമപ്രവര്‍ത്തകരും ആറ്റുകാല്‍ പരിസരവാസികളുമില്ല. പതിവ് തെറ്റിക്കാതെ ചിപ്പി ബുധനാഴ്ച തന്നെ കരമനയിലെ വീട്ടിലെത്തിയിരുന്നു. വര്‍ഷങ്ങളായി പൊങ്കാലയ്ക്കിടെയിലെ കൗതുകമാണ് ചിപ്പി പൊങ്കാലയിടുന്ന ദൃശ്യം.
മോഹന്‍ലാല്‍ നായകനായി ചിപ്പിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രജപുത്ര രഞ്ജിത്ത് നിര്‍മിക്കുന്ന തുടരും റിലീസിന് ഒരുങ്ങുന്ന വേളയിലാണ് പൊങ്കാലയെത്തിയത്. കഴിഞ്ഞ 20 ലധികം വര്‍ഷമായി തുടര്‍ച്ചായി പൊങ്കാലയ്‌ക്കെത്തുന്നുണ്ട് നടി. മുടങ്ങാതെ പൊങ്കാലയിടാന്‍ സാധിക്കുന്നത് അനുഗ്രഹമായാണു കാണുന്നതെന്ന് നടി പറഞ്ഞു. ‘സീരിയല്‍ ഷൂട്ടിങ് തിരക്കൊക്കെ ഉണ്ടെങ്കിലും പൊങ്കാല ദിവസമെത്തിയാല്‍ ഇങ്ങോട്ടു തന്നെ വരും. എന്നാലും ഓരോ തവണ വരുമ്പോഴും പുതുതായി വരുമ്പോലെ ആണ് തോന്നുന്നത്. ഇക്കൊല്ലം തിരക്ക് നല്ല കൂടുതലാണ്. ക്ഷേത്രത്തില്‍ പോയപ്പോഴൊക്കെ നല്ല തിരക്കുണ്ട്’-ചിപ്പി പറഞ്ഞു. സീരിയലിലൂടെയാണ് ചിപ്പി മലയാള സിനിമാ രംഗത്തെത്തിയത്. 1992 ല്‍ പുറത്തിറങ്ങിയ തലസ്ഥാനം ആണ് ആദ്യ ചിത്രം. പിന്നീട് സോപാനം, പാഥേയം, സി ഐ ഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ്, സ്ഫടികം തുടങ്ങിയ ചിത്രങ്ങളില അഭിനയിച്ചു. ചിപ്പിയെ കൂടാതെ പാര്‍വതി ജയറാമും പൊങ്കാല ഇടാനായി എത്തിയിട്ടുണ്ട്. ഒപ്പം കാളിദാസിന്റെ ഭാര്യ താരിണിയും മാളവികയുടെ ഭര്‍തൃ വീട്ടുകാരും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. ജയറാം ഷൂട്ടിലാണെന്നും പാര്‍വതി പറഞ്ഞു. ഇവരെ കൂടാതെ ഒട്ടനവധി സിനിമ- സീരിയല്‍ താരങ്ങളും പൊങ്കാല ഇടാനായി എത്തിയിട്ടുണ്ട്.
