മംഗളൂരു: പ്രശസ്ത നടി കത്രീന കൈഫ് ചൊവ്വാഴ്ച ദക്ഷിണ കർണാടകയിലെ പ്രശസ്തമായ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം സന്ദർശിച്ചു. സുബ്രഹ്മണ്യയിൽ തങ്ങിയ അവർ ബുധനാഴ്ച ക്ഷേത്രത്തിൽ നടക്കുന്ന ആശ്ലേഷ ബലിയിലും നാഗ പ്രതിഷ്ഠാ ചടങ്ങുകളിലും പങ്കെടുക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അരവിന്ദ് അയ്യപ്പ പറഞ്ഞു. കത്രീനക്കൊപ്പം അവരുടെ മൂന്ന് കുടുംബാംഗങ്ങളും ഉണ്ട്. അവരും പൂജയിൽ പങ്കെടുക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ഗസ്റ്റ്ഹൗസിൽ നിന്ന് കാറിലാണ് കത്രീന ക്ഷേത്രത്തിലെത്തിയത്. ചൊവ്വാഴ്ച ക്ഷേത്രത്തിൽ നിന്നു മടങ്ങും മുമ്പ് വി.ഐ.പി ഭക്ഷണശാലയിൽ പ്രസാദം സ്വീകരിച്ചു. പിന്നീട് വനിതാ പൊലീസിനൊപ്പം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. സർപ്പ ദോഷം അകറ്റുന്നതിനുള്ള പ്രത്യേക പൂജ. നടക്കുന്ന പ്രധാന ആരാധനാലയമാണ് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം. സച്ചിൻ ടെണ്ടുൽക്കർ, വെങ്കിടേഷ് പ്രസാദ്, ബോളിവുഡ് താരങ്ങളായ ഋഷി കപൂർ, അമിതാഭ് ബച്ചൻ, ശിൽപ്പ ഷെട്ടി, ഹൈക്കോടതി – സുപ്രീംകോടതി ജഡ്ജിമാർ തുടങ്ങിയവർ ഇവിടെ സർപ്പ സംസ്കാരപൂജ നടത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ വെളിപ്പെടുത്തി.
