കാസര്‍കോട്: ചില്ലു കഷ്ണം ഉപയോഗിച്ച് മാരക മയക്കുമരുന്നായ എംഡിഎംഎ ഉപയോഗിക്കുന്നതിനിടയില്‍ യുവതീ-യുവാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. വ്യത്യസ്ത സംഭവങ്ങളിലാണ് അറസ്റ്റ്. ഉള്ളാള്‍, ഹളേക്കോട്ട, കെ.സി റോഡ്, മല്ലുഗുഡ്ഡയിലെ അഫ്രുന്നീസ മുന്ന (26)യെ കുഞ്ചത്തൂര്‍, കണ്വതീര്‍ത്ഥ ദേശീയ പാതയ്ക്കു സമീപത്തെ ഗ്രൗണ്ടിനു സമീപത്തു വച്ച് തിങ്കളാഴ്ച വൈകിട്ട് എസ്.ഐ കെ.ആര്‍ ഉമേശനും സംഘവുമാണ് അറസ്റ്റു ചെയ്തത്. ചില്ലു കഷ്ണത്തിനു മേല്‍ എംഡിഎംഎ വിതറി, സിഗരറ്റ് ലൈറ്റര്‍ കത്തിച്ച് ചൂടാക്കി ഉപയോഗിക്കുന്നതിനിടയില്‍ കയ്യോടെ പിടികൂടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ചില്ലു കഷ്ണവും ലൈറ്ററും കസ്റ്റഡിയിലെടുത്ത ശേഷം പ്രതിക്ക് നോട്ടീസ് നല്‍കി വിട്ടയച്ചതായി പൊലീസ് പറഞ്ഞു. മറ്റൊരു സംഭവത്തില്‍ മഞ്ചേശ്വരം കുണ്ടുകൊളക്കയിലെ സിദ്ദിഖി(44)നെ എസ്.ഐ കെ.ജി രതീഷും സംഘവും അറസ്റ്റു ചെയ്തു. കണ്വതീര്‍ത്ഥയ്ക്കു സമീപത്തെ ഗ്രൗണ്ടില്‍ തിങ്കളാഴ്ച വൈകുന്നേരം ചില്ല് കഷ്ണത്തില്‍ എംഡിഎംഎ ചൂടാക്കി ഉപയോഗിക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്. ഇയാള്‍ക്കു നോട്ടീസ് നല്‍കിയ ശേഷം വിട്ടയച്ചതായി അറിയിച്ചു.
