കാസര്‍കോട്: ലഹരി വില്‍പ്പന സംബന്ധിച്ച വിവരം പൊലീസിനു നല്‍കിയെന്നാരോപിച്ച് ഉമ്മയെയും മകനെയും വീടു കയറി ആക്രമിക്കുകയും ജനല്‍ച്ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മാസ്തിക്കുണ്ട്, കാച്ചിക്കാട്ടെ മുഹമ്മദ് നയാസി (24)നെയാണ് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിനും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. കെ.കെ പുറം കുന്നില്‍, കാച്ചിക്കാട്ടെ ബി അഹമ്മദ് സിനാന്‍, മാതാവ് ബി സല്‍മ എന്നിവരാണ് അക്രമത്തിനിരയായത്. കേസിലെ മുഖ്യ പ്രതിയും മുഹമ്മദ് നയാസിന്റെ സഹോദരനുമായ ഉമറുല്‍ ഫാറൂഖ് ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
ആളൊഴിഞ്ഞ പറമ്പില്‍ എംഡിഎംഎ ഉപയോഗിക്കുന്നതിനിടയില്‍ ഉമറുല്‍ ഫാറൂഖിനെയും മറ്റൊരാളെയും നേരത്തെ ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസിനു വിവരം നല്‍കിയത് അഹമ്മദ് സിനാന്‍ ആണെന്നു ആരോപിച്ചായിരുന്നു വീടു കയറി അക്രമം നടത്തിയതെന്നു പറയുന്നു. സംഭവം നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
