മുംബൈ: ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ തിരിച്ചെത്തി. വിശദമായ സുരക്ഷാ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷമാണ് വീണ്ടും 303 യാത്രക്കാരുമായി വിമാനം പറന്നുയര്‍ന്നത്. ഫ്ളൈറ്റില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് ‘വിമാനത്തില്‍ ബോംബുണ്ട്’ എന്ന സന്ദേശമെഴുതിയ കുറിപ്പ് ടോയ്‌ലറ്റിനുള്ളില്‍ കാണാനിടയായത്. തുടര്‍ന്ന് വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഒമ്പത് മണിക്കൂറോളം പറന്ന ശേഷമാണ് ബോയിംഗ് 777-300 എന്ന വിമാനം മുംബൈയിലേക്ക് മടങ്ങേണ്ടി വന്നത്. മുംബൈയില്‍ തിരിച്ചിറങ്ങിയ വിമാനത്തിനുള്ളില്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണിക്ക് സര്‍വീസ് പുനഃക്രമീകരിച്ച ശേഷമാണ് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 6 മണിയോടെ മധ്യേഷ്യയിലെ അസര്‍ബൈജാന്റെ മുകളിലൂടെ പറക്കുമ്പോഴാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. അസര്‍ബൈജാന്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറങ്ങാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ക്യാപ്റ്റന്‍ മുംബൈ വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ട് വിമാനം തിരിച്ചയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു വ്യക്തിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
