കാസര്‍കോട്: പൈവളിഗെ, പഞ്ചായത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെയും ഓട്ടോ ഡ്രൈവറായ പ്രദീപ് (42) എന്നയാളെയും വീട്ടിനു സമീപത്തെ അക്വേഷ്യ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. തിങ്കളാഴ്ച പരിയാരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് ഒരു നിഗമനത്തില്‍ എത്താന്‍ കഴിയൂവെന്നാണ് പൊലീസ് നിലപാട്. പോസ്റ്റുമോര്‍ട്ടത്തിനായി കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍ പരിയാരത്തേക്ക് പോയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകള്‍ പെണ്‍കുട്ടിയുടെ വീട്ടിനു സമീപത്തെ കാട്ടിനുള്ളില്‍ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ഫെബ്രുവരി 11ന് രാത്രി കാണാതായ പെണ്‍കുട്ടിയുടെയും 42 കാരനായ ഓട്ടോ ഡ്രൈവര്‍ പ്രദീപിന്റെയും മൃതദേഹങ്ങള്‍ ഒരേ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്‍ക്വസ്റ്റിനും ഫോറന്‍സിക് നടപടികള്‍ക്കും ശേഷം മൃതദേഹങ്ങള്‍ പരിയാരത്തേക്ക് കൊണ്ടു പോവുകയും ചെയ്തു. മൃതദേഹങ്ങള്‍ കാണപ്പെട്ട സ്ഥലത്തു നിന്നു മീറ്ററുകള്‍ മാറി കാണപ്പെട്ട രണ്ടു മൊബൈല്‍ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണിന്റെ ഡിസ്‌പ്ലേ ഭാഗം കല്ലുകൊണ്ട് കുത്തിപ്പൊട്ടിച്ച നിലയിലാണ്. എന്തിനാണ് ഫോണുകള്‍ കുത്തിപ്പൊട്ടിച്ചതെന്നു വ്യക്തമല്ല. അതേ സമയം കാണാതായ പെണ്‍കുട്ടിയുടെയും യുവാവിന്റെയും മൃതദേഹം വീട്ടില്‍ നിന്നു 200 മീറ്റര്‍ അകലെയായിട്ടും എന്തു കൊണ്ടാണ് ദുര്‍ഗന്ധം വരാതിരുന്നതെന്നത് ദുരൂഹമായി തുടരുകയാണ്.
