പി പി ചെറിയാന്‍
ഡാളസ്: കാലാ കാലങ്ങളായി സമൂഹത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ക്കു സ്ത്രീകള്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നുവെന്നു റോക്ക്ലാന്‍ഡ് കൗണ്ടി, ന്യൂയോര്‍ക്ക് ലെജിസ്ലേറ്റീവ് വൈസ് ചെയര്‍ ആനി പോള്‍ അഭിപ്രായപ്പെട്ടു. മാര്‍ഗരറ്റ് താച്ചര്‍, ഇന്ദിരാഗാന്ധി, മലാല, സരോജിനി നായിഡു, മദര്‍ തെരേസ്സ തുട ങ്ങിയവരുടെ ജീവതം അവര്‍ അനുസ്മരിച്ചു. അന്താരാഷ്ട്ര വനിതാ ദിനം, അവഗണനയനുഭവിക്കുന്ന സ്ത്രീകളുടെ ഉന്നതിക്കുള്ള അവസരം കൂടിയാണെന്ന് ഡോ.ആനി പോള്‍ ഓര്‍മിപ്പിച്ചു.
കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. കേരള അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ അധ്യക്ഷത വഹിച്ചു. കേരളത്തില്‍ ഈയിടെ ഉണ്ടായ ഒരു നഴ്‌സിന്റെയും രണ്ടു കുട്ടികളുടെയും മരണം മനുഷ്യമനഃസാക്ഷിയെ നടുക്കുന്നതാണെന്നും ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനു ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ശക്തി, പ്രതിരോധശേഷി, ഉള്ളിലുള്ള അവിശ്വസനീയമായ ശക്തി എന്നിവ ആഘോഷിക്കാന്‍ പ്രചോദനാത്മകമായ ഒത്തുചേരലാണ് വനിതാ സംവാദം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ജെയ്സി ജോര്‍ജ് പറഞ്ഞു. മുഖ്യാതിഥി ഡോ.ആനി പോളിനെ സദസിനു പരിചയപ്പെടുത്തി.
ഏമിതോമസ്, ഡോ.പ്രിയ വെസ്ലി, ഡോ.ഷൈനി എഡ്വേഡ് പ്രസംഗിച്ചു. ഉഷ നായരുടെ കവിത പാരായണം, ഡോ. നിഷ ജേക്കബ്, സോണിയ സബ്, ദീപ സണ്ണി എന്നിവരുടെ ഗാനാലാപനം എന്നിവയുമുണ്ടായിരുന്നു. സെക്രട്ടറി മഞ്ജിത്ത് കൈനിക്കര നന്ദി പറഞ്ഞു.