തിരുവനന്തപുരം: പെട്രോൾ പമ്പ് അനുമതിക്കായി കണ്ണൂർ മുൻ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഫയലിൽ കാലതാമസം വരുത്തിയതിനും തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എഡിഎമ്മിനെ അപമാനിക്കാൻ പി പി ദിവ്യ ആസൂത്രിത നീക്കം നടത്തിയെന്നും കരുതിക്കൂട്ടിയാണ് യാത്രയയപ്പ് ചടങ്ങിൽ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ലാൻഡ് റവന്യു ജോ.കമ്മീഷണറുടേതാണ് കണ്ടെത്തൽ.
നവീൻ ബാബുവിന്റെ മരണത്തേക്കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ റിപ്പോർട്ടിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയ്ക്കെതിരായ മൊഴിയുള്ളത്. ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് യാദൃച്ഛികമായി എത്തി എന്ന വാദത്തെ തള്ളുന്നതാണ് മൊഴികൾ. പ്രസംഗം ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും ദൃശ്യങ്ങൾ കൈപ്പറ്റിയതും ദിവ്യയാണെന്ന് പ്രാദേശിക ചാനലായ കണ്ണൂർവിഷൻ പ്രതിനിധികൾ ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർക്ക് മൊഴി നൽകി. പെട്രോൾ പമ്പിന്റെ അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ചടങ്ങ് നടന്ന ദിവസം ദിവ്യയുടെ സഹായി നാലുവട്ടം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. തന്നെ പി.പി. ദിവ്യ പലതവണ വിളിച്ചെന്നും ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലെന്ന് നിർദ്ദേശിച്ചിരുന്നുവെന്നും എന്നാൽ കളക്ടർ ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർക്ക് മുമ്പാകെ മൊഴിനൽകി.
പി.പി. ദിവ്യയെ സെന്റ് ഓഫിന് ക്ഷണിച്ചതിന് തെളിവുകളൊന്നുമില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പെട്രോൾ പമ്പിന് എതിർപ്പില്ലാ രേഖ നൽകുന്നതിൽ നവീൻ ബാബുവിന്റെ ഭാഗത്തുനിന്ന് കാലതാമസമുണ്ടായിട്ടില്ലെന്നും എ. ഗീതയുടെ റിപ്പോർട്ടിൽ പറയുന്നു.
കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. തുടർന്നുള്ള യാത്രയയപ്പ് ചടങ്ങിലായിരുന്നു ദിവ്യ അപ്രതീക്ഷിതമായി എത്തി നവീൻ ബാബുവിനെ അഴിമതി ആരോപണത്തിന്റെ മറയിൽ നിർത്തുന്ന തരത്തിൽ പ്രസംഗിച്ചത്. പ്രസംഗത്തിന്റെ അവസാന വരിയിൽ അതിനുവേണ്ടി മാത്രമാണ് ഞാൻ ഇത്ര കഷ്ടപ്പെട്ട് എത്തിയത് എന്നും ദിവ്യ പറയുന്നുണ്ട്. 14ന് ഉച്ചയോടെ നാലു തവണ ദിവ്യയുടെ സഹായി കളക്ടറുടെ സ്ഥാഫിനെ ഫോണിൽ വിളിച്ച് ചടങ്ങ് തുടങ്ങിയോ എന്ന് അന്വേഷിച്ചു. തുടർന്ന് ദിവ്യ നേരിട്ട് കലക്ടറെ വിളിച്ച് വരുമെന്ന് അറിയിച്ചു. നവീൻ ബാബുവിനെതിരെ ആരോപണം പറയാനാണെങ്കിൽ ഇതല്ല ഉചിത സമയമല്ലെന്ന് കളക്ടർ പറഞ്ഞു. എന്നാൽ, ദിവ്യ യോഗത്തിലെത്തി. ‘ഞെട്ടിച്ച് പി.പി. ദിവ്യ, ക്ഷണിക്കാത്ത ചടങ്ങിൽ എത്തി ഗുരുതര അഴിമതി ആരോപണം ഉന്നയിച്ചു’, എന്ന കുറിപ്പോടെ ഇതിന്റെ വീഡിയോ പ്രാദേശിക ചാനലിന്റെ സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പിറ്റേന്ന് നവീൻ ബാബുവിനെ കണ്ണൂരിലെ താമസസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
