കാസര്‍കോട്: ലഹരിക്കെതിരെ എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ റെയ്ഡ് ആരംഭിച്ചു. എക്‌സൈസ് കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്നാണ് ‘ഓപ്പേറഷന്‍ ക്ലീന്‍ സ്ലേറ്റ്’ എന്ന പ്രത്യേക റെയ്ഡ് ആരംഭിച്ചത്. പരിശോധന മാര്‍ച്ച് 12 വരെ നീണ്ടു നില്‍ക്കും. കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും എംഡിഎംഎയുമായി നാലുപേരെ എക്‌സൈസ് അറസ്റ്റു ചെയ്തു. കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദനും സംഘവും തളങ്കരയില്‍ നടത്തിയ പരിശോധനയില്‍ ഒരാളെ അറസ്റ്റു ചെയ്തു. തൊട്ടില്‍ റോഡിലെ മുഹമ്മദ് സബീര്‍ (22) ആണ് പിടിയിലായത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും മുട്ടത്തൊടി ബെണ്ണടുക്കയില്‍ നടത്തിയ പരിശോധനയില്‍ ബി. അനീഷിനെ 20 ഗ്രാം കഞ്ചാവും 0.2011 ഗ്രാം മെത്താഫിറ്റമിനും കൈവശം വച്ചതിനും കസ്റ്റഡിയിലെടുത്തു.
കാസര്‍കോട് എക്‌സൈസ് സംഘം തളങ്കര, ഹൊണ്ണമൂല, തെരുവത്ത് നടത്തിയ പരിശോധനയില്‍ കെ.എസ് ശിഹാബുദ്ദീന്‍ (37) എന്നയാളെ 86 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. നീലേശ്വരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍ വൈശാഖും സംഘവും നീലേശ്വരത്ത് നടത്തിയ പരിശോധനയില്‍ അച്ചാം തുരുത്തി കള്ളോത്തും പുറത്ത് വീട്ടില്‍ കെ.പി ഹരിന്‍ കുമാറി(31)നെ 12 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു.
