ശനിയാഴ്ച മാട്ട്വക്കാറ് മാപ്ലാര് തേങ്ങ എടുക്കാന്‍ വരുമെന്ന് കുറുക്കന്‍ അമ്പു പറഞ്ഞ കാര്യം പന്നിക്കുഞ്ഞപ്പു ആണ്ടിയുടെ ശ്രദ്ധയില്‍ പെടുത്തി. കര്‍ക്കടക മാസത്തിലാണ് അവരുടെ വരവ്. തെങ്ങ് കര്‍ഷകരെ സംബന്ധിച്ചിടത്തോളം മാട്വക്കാരുടെ വരവ് ആശ്വാസകരമാണ്. കള്ളക്കര്‍ക്കിടകത്തില്‍ മറ്റ് വരുമാനമാര്‍ഗമൊന്നുമില്ലാതെ ഗ്രാമീണരെല്ലാം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരിക്കും. കര്‍ഷകരെ ചൂഷണം ചെയ്യാനും ഇവര്‍ താല്‍പര്യം കാണിക്കും. ഏറ്റവും കുറഞ്ഞ വിലക്കേ തേങ്ങ വാങ്ങൂ. പ്രക്കാനത്തെ ഏറ്റവും വലിയ തോതില്‍ തേങ്ങ ശേഖരിക്കുന്ന രണ്ടു പേരാണ് അസിനാര്‍ക്കയും, കുറുക്കന്‍ അമ്പുവും. അവര്‍ ചെറു കൃഷിക്കാരുടെ തെങ്ങ് പാട്ടത്തിനെടുക്കും. വില കൊടുത്ത് വാങ്ങുകയും ചെയ്യും. ഒരു കൊല്ലത്തേക്കാണ് തെങ്ങ് പാട്ടത്തിനെടുക്കുക. കുംഭത്തിലെ തേങ്ങ പറിച്ചു കഴിഞ്ഞ ഉടനെയാണ് കൃഷിക്കാര്‍ തെങ്ങ് പാട്ടത്തിന് കൊടുക്കല്‍. ദാരിദ്യം കൊണ്ടാണ് തെങ്ങ് പാട്ടത്തിന് നല്‍കുന്നത്. അസിനാര്‍ക്കയും കുറുക്കന്‍ അമ്പുവും പാട്ടം എടുക്കുന്ന പറമ്പില്‍ ചെന്ന് തെങ്ങിന്റെ മുകളിലേക്ക് ഒരു നോട്ടമുണ്ട്. ഒറ്റനോട്ടത്തില്‍ ഒരു വര്‍ഷം ലഭ്യമാവുന്ന തേങ്ങയുടെ എണ്ണം അവര്‍ മനസ്സില്‍ കൂട്ടും. അതിന്റെ അടിസ്ഥാനത്തില്‍ വില നിശ്ചയിച്ചാണ് തുക നല്‍കല്‍. കര്‍ഷകന് ഏറ്റവും കുറഞ്ഞ വിലയേ കിട്ടൂ. എങ്കിലും കര്‍ക്കിടക മാസം തള്ളി നീക്കാന്‍ കൃഷിക്കാര്‍ക്ക് അതേ മാര്‍ഗ്ഗമുള്ളു. പാട്ടമെടുത്ത തെങ്ങിന് പുത കെട്ടും. അതേ തെങ്ങിന്റെ പച്ചോല കൊത്തി ഒരാളുടെ ഉയരത്തില്‍ തെങ്ങില്‍ കെട്ടിവെക്കും. തെങ്ങിന് ഇടുന്ന ഒരു കുപ്പായം എന്ന് പറയാം. ആള്‍ താമസമില്ലാത്ത പറമ്പിലെ തെങ്ങുകള്‍ക്ക് പുതക്ക് പുറമേ കാട്ടില്‍ നിന്ന് ശേഖരിച്ചു കൊണ്ടുവരുന്ന ഒരു തരം മുള്ളും കെട്ടിവെക്കും. കള്ളന്മാരെ ഭയന്നാണ് ഇങ്ങിനെ ചെയ്യുന്നത്.
ഇത്തവണ മാട്വക്കാരോട് വിലപേശാന്‍ ആണ്ടിയും സുഹൃത്തുക്കളും പ്ലാനിട്ടു ഒരു കെട്ടു തേങ്ങ (200 എണ്ണം)ക്ക് ആണ് വില കണക്കാക്കല്‍. സാധാരണയേക്കാള്‍ കെട്ടിന് അമ്പത് രൂപ കൂട്ടി പറയണമെന്നും അങ്ങിനെയാണെങ്കിലേ തേങ്ങ തരുന്നുള്ളു എന്ന് കൂട്ടമായി എല്ലാവരും പറയണം. അതിനായി ആണ്ടിയും സുഹൃത്തുക്കളും അസിനാര്‍ക്കയെയും കുറുക്കന്‍ അമ്പുവിനേയും ആദ്യം കണ്ട് കാര്യം പറഞ്ഞു. അവര്‍ക്കും സന്തോഷമായി. തുടര്‍ന്ന് പ്രക്കാനത്തെ എല്ലാ കര്‍ഷകരോടും കാര്യം സൂചിപ്പിച്ചു. എല്ലാവരും ഒറ്റക്കെട്ടായി ഒരേ അഭിപ്രായക്കാരായി നിന്നു.
മാട്വക്കാര്‍ എത്തി. മാട്ടൂലില്‍ നിന്ന് നടന്നാണ് വരവ്. നാലും അഞ്ചും പേരുണ്ടാവും. പഴയ കാല മാപ്ല വേഷത്തിലാണ് വരവ്. തലയില്‍ വെള്ളത്തൊപ്പിയും, ലുങ്കി മുണ്ടും മുണ്ടിമ്മേല്‍ പച്ചബെല്‍ട്ട് (അരപ്പട്ട) ഷര്‍ട്ട് ഇതാണ് വേഷം. ഇവര്‍ക്ക് വേണ്ടുന്ന സഹായങ്ങളൊക്കെ അസിനാര്‍ക്ക ചെയ്തു കൊടുക്കും. നിസ്‌ക്കാരം, രാത്രി കിടത്തം, ഭക്ഷണം ഇക്കാര്യങ്ങളൊക്കെ വര്‍ഷങ്ങളായി അസിനാര്‍ക്കയാണ് ചെയ്തു കൊടുക്കുന്നത്. ഈ ഉപകാരത്തിനുള്ള സമ്മാനം വീട്ടിലെ കുഞ്ഞുങ്ങളെ ഏല്‍പ്പിച്ചിട്ടാണ് അവരുടെ തിരിച്ചു പോക്ക്.
പ്രക്കാനത്ത് എത്തിയാല്‍ അസിനാര്‍ക്കയുമായി തേങ്ങാ കച്ചവടത്തെക്കുറിച്ച് സംസാരിക്കും. അവര്‍ എന്നും പറയുന്ന ഒരു പല്ലവി ഉണ്ട്. ‘ഇത്തവണ മാര്‍ക്കറ്റില്‍ തേങ്ങയ്ക്ക് വില കുറവാണ്’. കുറഞ്ഞ വിലക്ക് തേങ്ങ വാങ്ങാനുള്ള തന്ത്രമാണിത്. ‘ഇത്തവണ കെട്ടിന് നൂറ് രൂപയേ തരാന്‍ പറ്റൂ’ പക്ഷേ അസിനാര്‍ക്ക ഇടയ്ക്കു കയറി പറഞ്ഞു. ‘ നൂറ്റമ്പത് രൂപയെങ്കിലും കിട്ടിയാലെ തേങ്ങ ഞങ്ങള്‍ വില്‍ക്കൂ എന്ന തീരുമാനം ഞങ്ങള്‍ കൂട്ടമായി എടുത്തിട്ടുണ്ട്’.
‘ ഓഹോ ആരാണപ്പാ അതിന്റെ നേതാവ്?’
‘നമ്മടെ അയല്‍ക്കാരന്‍ ആണ്ടിയാണ്’.
‘നമുക്ക് അയാളെ കാണാം. ഒന്ന് പറഞ്ഞു നോക്കാം’.
അവര്‍ അസിനാര്‍ക്കക്കൊപ്പം ആണ്ടിയെ കാണാന്‍ ചെന്നു. അവര്‍ ആണ്ടിയെ വിളിച്ചു സ്വകാര്യമായി പറഞ്ഞു.’ ഇത്തവണ ഞങ്ങളെ സഹായിക്കണം. ആണ്ടിക്കും അസിനാര്‍ക്കക്കും പറഞ്ഞ തുകതരാം. ബാക്കിയുള്ളവര്‍ക്ക് ആദ്യം പറഞ്ഞപ്രകാരവും’. ആണ്ടിയുടെ സംഘബോധം ഉണര്‍ന്നു.’അത് പറ്റില്ല ഞങ്ങള്‍ക്കെല്ലാവര്‍ക്കും കെട്ടിന് നൂറ്റന്‍പതു കിട്ടിയേ പറ്റൂ. ഞങ്ങള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്’. ആണ്ടിയുടെ അഭിപ്രായത്തെ മാറ്റാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ പറഞ്ഞപ്രകാരം വില കൊടുത്തു വാങ്ങാന്‍ തീരുമാനിച്ചു. പെരളം ചീറ്റ, കുണ്ടു പൊയില്‍, ഓലാട്ട് പുത്തൂര്‍ വരെയുള്ള തെങ്ങുകൃഷിക്കാരില്‍ നിന്നാണ് ഇവര്‍ തേങ്ങ ശേഖരിക്കുന്നത്.
ഇവര്‍ തേങ്ങ എണ്ണിയെടുക്കുന്നതിനും ചില രീതികളുണ്ട്. രണ്ടു വീതം തേങ്ങയായിട്ടാണ് എണ്ണിയെടുക്കല്‍. നൂറെണ്ണം എണ്ണിയാല്‍ രണ്ട് തേങ്ങ ‘കൈത്തേങ്ങ’ എന്ന പേരില്‍ അധികം എടുക്കും. ചെറിയ തേങ്ങയാണെങ്കില്‍ ‘പിടിത്തേങ്ങ’ എന്ന് പറഞ്ഞ് മൂന്ന് തേങ്ങ എടുത്ത് രണ്ടെണ്ണമായി കണക്കാക്കിയെടുക്കും. ഇതിനൊന്നും ആരും പരാതി പറയാറില്ല.
ആണ്ടിയുടെയും കൂട്ടുകാരുടെയും ഇടപെടല്‍ എല്ലാവര്‍ക്കും ആശ്വാസമായി. ഒറ്റക്കെട്ടായി നിന്നാല്‍ ആവശ്യങ്ങള്‍ നേടിയെടുക്കാനാവുമെന്ന് എല്ലാവര്‍ക്കും ബോധ്യമായി.
ശേഖരിച്ച തേങ്ങ വെള്ളൂര്‍ പുഴയിലൂടെ ചെങ്ങാടത്തിലാണ് കൊണ്ടുപോവുക. അതിന് രണ്ട് തേങ്ങ വീതം ഇരിച്ച് കെട്ടും. പെണ്ണുങ്ങള്‍ തലച്ചുമടായി വെള്ളൂര്‍ പുഴത്തീരത്ത് എത്തിക്കും. അവിടുന്നാണ് ചങ്ങാടത്തില്‍ കൊണ്ടുപോവുക.
മാട്വക്കാര്‍ വന്നാല്‍ നാട്ടുകാര്‍ക്കെല്ലാം സന്തോഷമാണ്. തേങ്ങ ഇടുന്നവര്‍ക്ക് ഇരിച്ച് കെട്ടുന്നവര്‍ക്ക്, തേങ്ങ കടത്തുകാര്‍ക്ക് എല്ലാം പണി കിട്ടും.
പാറ്റേട്ടിക്ക് പുതിയൊരു ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടി വന്നു. ആണ്ടിയുടെ ഏക സഹോദരി പ്രക്കാനത്തുനിന്ന് കുറച്ചകലെയുള്ള വേറൊരു ഗ്രാമത്തിലായിരുന്നു താമസം, ഭര്‍ത്താവു മരിച്ചു. സഹോദരിക്കു ഒരു മകളുണ്ട്. സ്വന്തമായി വീടും സൗകര്യങ്ങളുമൊക്കെയുണ്ട്. മകള്‍ കൗമാരപ്രായത്തിലെത്തി. സുന്ദരിയാണവള്‍. താലോലിച്ചു വളര്‍ത്തുകയാണവളെ. പലരും അവളില്‍ കണ്ണുടക്കിയിട്ടുണ്ട്. തനിച്ചു മകളെയും കൊണ്ട് താമസിക്കാന്‍ അവര്‍ക്ക് ഭയം തോന്നിത്തുടങ്ങി. ആങ്ങളയുടെ കൂടെ താമസിക്കാനുള്ള മോഹവുമായി അവര്‍ ആണ്ടിയുടെ വീട്ടിലെത്തി. സന്തോഷത്തോടെ പാറ്റ അവരെ സ്വീകരിച്ചു. തന്റെ മകനും പെങ്ങളുടെ മകളും സമപ്രായക്കാരാണ്. മാത്രമല്ല ആണ്ടി താമസിക്കുന്ന പറമ്പില്‍ അര ഏക്കര്‍ ഭൂമി പെങ്ങളുടെ ഓഹരി ഭൂമിയാണ്. അവര്‍ ഒപ്പം ജീവിച്ചു വരുന്നതിനിടയില്‍ പാറ്റേട്ടി രണ്ടു മക്കള്‍ക്കു കൂടി ജന്മം നല്‍കി. പ്രസവ പരിചരണമൊക്കെ ചെയ്തു കൊടുക്കാന്‍ പെങ്ങള്‍ ഉണ്ടായത് ഭാഗ്യമായിട്ടാണ് ആണ്ടി കരുതിയത്. മരുമകളും മകനും ഒന്നിച്ച് വീട്ടുപറമ്പിലും വയലിലും ആണ്ടിയെ സഹായിക്കാന്‍ തയ്യാറായി. അവരുടെ ഒന്നിച്ചു പോക്കും വരവും കളിയും ചിരിയും ആണ്ടിയും പാറ്റേട്ടിയും സന്തോഷത്തോടെയാണ് കണ്ടത്. അവരെ ഒന്നിപ്പിക്കാനും കൂട്ടുകൂടിക്കാനും മനസ്സാ ആഗ്രഹിച്ചതാണ് ആണ്ടി. നാട്ടുകാരും സുഹൃത്തുക്കളും അവരുടെ ഭാവിജീവിതത്തെക്കുറിച്ച് ചിന്തിക്കാനും തുടങ്ങിയിരുന്നു. മകന്‍ കണ്ണനും മരുമകള്‍ മാധവിയും അടുത്തിടപഴകുന്നതില്‍ ആരും ശരികേട് കണ്ടില്ല. മാധവി കണ്ണനില്‍ നിന്ന് അകല്‍ച്ച പാലിക്കാന്‍ എന്നും ശ്രമിച്ചിരുന്നു. രണ്ടു പേര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നേടാനെ അവസരം കിട്ടിയുള്ളു. കാര്‍ഷിക മേഖലയിലാണ് രണ്ട് പേര്‍ക്കും താല്‍പര്യം. ആണ്ടി ആഗ്രഹിച്ചതും അതു തന്നെ.
എല്ലാവര്‍ക്കും ഒരേ ചിന്തയായിരുന്നു. കണ്ണനെയും മാധവിയേയും ഒന്നിപ്പിക്കാന്‍. പ്രായത്തിനനുസരിച്ച ചിന്തയും പ്രവൃത്തിയും അവരില്‍ പ്രകടമാവുന്നുണ്ട്. കാര്‍ഷിക പ്രവൃത്തിയില്‍ മുമ്പുള്ളതിനേക്കാള്‍ ഉന്മേഷം രണ്ട് പേരിലും പ്രകടമായി കാണുന്നുണ്ട്. ആണ്ടിയുടെ കൂട്ടുകാരിലും അക്കാര്യം ഇടയ്ക്കിടെ ചര്‍ച്ചയാവുന്നുണ്ട്. മക്കള്‍ക്ക് പ്രായപൂര്‍ത്തിയായതോടെ പഴയ പോലെ കൂട്ടു ചേര്‍ന്ന കള്ളുകുടി അവസാനിപ്പിച്ചു. അതാണ് ശരിയെന്ന് എല്ലാവരും തീരുമാനിക്കുകയും ചെയ്തു. കണ്ണന്റെ കൂട്ടുകാര്‍ അല്‍പാല്‍പം മാധവിയുടെ നടപ്പും സൗന്ദര്യവും വര്‍ണ്ണിച്ചു കൊണ്ട് സംസാരിക്കും. മണ്ണിലും കല്ലിലും കുളപ്പടവിലും കണ്ണന്‍ + മാധവി എന്ന് എഴുതി വെച്ചതും ഇരുവരുടെയും ശ്രദ്ധയില്‍ പെട്ടു.
