തൃശൂര്‍: മണ്ണിനെയും മനുഷ്യനെയും നാടന്‍ പാട്ടുകളെയും അതിയായി സ്‌നേഹിച്ച, കലാഭവന്‍ മണിയുടെ വിയോഗത്തിനു ഇന്ന് ഒന്‍പതാണ്ട്. രാമന്‍-അമ്മിണി ദമ്പതികളുടെ ഏഴുമക്കളില്‍ ആറാമനായാണ് കലാഭവന്‍ മണിയുടെ ജനനം. സാമ്പത്തികമായ ഇല്ലായ്മകള്‍ക്കിടയിലായിരുന്നു മണിയുടെ ബാല്യം.
ചാലക്കുടി ഗവ. ബോയ്‌സ് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ മിമിക്രി അവതരിപ്പിച്ചു കൊണ്ടാണ് കലാരംഗത്തെ അരങ്ങേറ്റം. 1987ല്‍ കൊല്ലത്തു നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയതോടെ ശ്രദ്ധേയനായി. 1991-92 കാലഘട്ടത്തില്‍ കൊച്ചിന്‍ കലാഭവനില്‍ ചേര്‍ന്നതോടെ കലാഭവന്‍ മണിയെന്നു അറിയപ്പെട്ടു.
1995ല്‍ പുറത്തെത്തിയ ‘അക്ഷരം” എന്ന ചിത്രത്തിലെ ഓട്ടോ ഡ്രൈവര്‍ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലെത്തി. ‘സല്ലാപം’ എന്ന ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്‍ എന്ന കഥാപാത്രം മണിയെ ശ്രദ്ധേയനാക്കി. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും”എന്ന ചിത്രത്തിലെ അഭിനയത്തിനു ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളില്‍ പ്രത്യേകം ജൂറി പരാമര്‍ശം ലഭിച്ചു.
നാടന്‍ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു മണി കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ പരിപാടി അവതരിപ്പിച്ചു. 2016 മാര്‍ച്ച് ആറിനാണ് ഏവരെയും കണ്ണീരിലാഴ്ത്തി കൊണ്ട് കലാഭവന്‍ മണി യാത്രയായത്.
