കാസര്‍കോട്: മധൂര്‍ ശ്രീമദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം
ബ്രഹ്‌മകലശോത്സവവും മൂടപ്പ സേവയും കോടതി നിര്‍ദ്ദേശമനുസരിച്ചു ഇരു തന്ത്രിമാരുടെയും കാര്‍മികത്വത്തില്‍ നടത്താന്‍ ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. ബ്രഹ്‌മകലശവും മുടപ്പ സേവയും മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 7 വരെയാണ് നടക്കുക. ഇവയില്‍, മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 2 വരെ നടക്കുന്ന ശ്രീമദനന്തേശ്വര ബ്രഹ്‌മകലശം ദേരെബൈലു ശിവപ്രസാദ് തന്ത്രികളുടെ കാര്‍മികത്വത്തിലും തുടര്‍ന്ന് ഏപ്രില്‍ 2 മുതല്‍ 7 വരെ നടക്കുന്ന ശ്രീ മഹാഗണപതി മൂടപ്പ സേവ ഉളിയത്തായ വിഷ്ണു ആസ്രയുടെ കാര്‍മികത്വത്തിലും നടത്തും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍, ബുധനാഴ്ച മധൂര്‍ ഗസ്റ്റ്ഹൗസില്‍ നടന്ന യോഗത്തില്‍ തന്ത്രിമാരായ ഉളിയത്തായ വിഷ്ണു ആസ്ര, ദേരെബൈലു ഡോ. ശിവപ്രസാദ് തന്ത്രി, ദേവസ്വം കമ്മീഷണര്‍ ടീ. സി ബിജു, അസി. കമ്മീഷണര്‍ പ്രദീപ് കുമാര്‍, അഡ്വ. ബാലകൃഷ്ണന്‍ നായര്‍, അഡ്വ. ഉദയ ഗട്ടി, സതീഷ് സി, ബ്രഹ്‌മകലശ കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു
