കാസര്‍കോട്: ക്രഷര്‍ മാനേജറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ചവിട്ടി നിലത്തിട്ട ശേഷം 10.20 ലക്ഷം രൂപ കവര്‍ന്ന സംഘത്തിനെ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് പൊക്കിയത് മണിക്കൂറുകള്‍ക്കകം. ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നില്ലെങ്കില്‍ പ്രതികള്‍ ഉത്തരേന്ത്യയിലേക്ക് രക്ഷപ്പെടുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വ്യാഴാഴ്ച സന്ധ്യയോടെ കാഞ്ഞങ്ങാട്-കല്യാണ്‍ റോഡിലാണ് കേസിനാസ്പദമായ സംഭവം. ഏച്ചിക്കാനത്തെ ക്രഷറര്‍ മാനേജര്‍ കോഴിക്കോട് സ്വദേശി രവീന്ദ്രനാണ് അക്രമത്തിനിരയായത്. ക്രഷറില്‍ നിന്നു ഇറങ്ങിയ രവീന്ദ്രന്‍ കാഞ്ഞങ്ങാട്ടെ താമസസ്ഥലത്തേക്ക് പോകുന്നതിനായി റോഡരുകില്‍ ഓട്ടോയും കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ കാറിലെത്തിയ സംഘം രവീന്ദ്രനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയും സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ചവിട്ടി താഴെ ഇട്ട ശേഷം പണമടങ്ങിയ ബാഗുമായി കടന്നു കളയുകയായിരുന്നു. വിവരം ഉടന്‍ തന്നെ ഹൊസ്ദുര്‍ഗ് പൊലീസിനെ അറിയിച്ചു. ഡിവൈ.എസ്.പി ബാബു പേരിങ്ങേത്ത്, ഇന്‍സ്പെക്ടര്‍ പി. അജിത്കുമാര്‍, എസ്.ഐമാരായ അഖില്‍, ശാര്‍ങ്ധരന്‍, ജോജോ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് രംഗത്തിറങ്ങി. സിസിടിവി ദൃശ്യങ്ങള്‍
പരിശോധിച്ചു മുന്നോട്ടു നീങ്ങിയ പൊലീസ് സംഘം കാഞ്ഞങ്ങാട്ട് എത്തുമ്പോഴേക്കും അക്രമി സംഘം കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെത്തി. കാര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞിരുന്നു. അക്രമികള്‍ ട്രെയിന്‍ കയറി പോയിരിക്കാമെന്ന സംശയം ഉയര്‍ന്നു. ഉടന്‍ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ കര്‍ണ്ണാടക പൊലീസിലും റെയില്‍വെ പൊലീസിലും വിവരം അറിയിച്ചു. ഇതിനിടയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് മംഗ്ളൂരുവിലേക്ക് കുതിച്ചു. മംഗ്ളൂരു റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ അക്രമി സംഘത്തെ ഹൊസ്ദുര്‍ഗ് പൊലീസ് കയ്യോടെ പിടികൂടി. ബീഹാര്‍ സ്വദേശികളായ മുഹമ്മദ് ഇബ്റോണ്‍ ആലം(21), മുഹമ്മദ് മാലിക് (21), മുഹമ്മദ് ഫാറൂഖ് (20) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് പൊക്കിയത്.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊള്ള നടത്താനുള്ള അവസരം പറഞ്ഞുകൊടുത്തത് അസം സ്വദേശിയായ ധനഞ്ജയ് ബോറ (21) ആണെന്നു വ്യക്തമായത്. തുടര്‍ അന്വേഷണത്തില്‍ ധനഞ്ജയയെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ രവീന്ദ്രന്‍ മാനേജറായിട്ടുള്ള ക്രഷററില്‍ ജോലിക്കാരനാണ്. ഇയാളാണ് കൊള്ളയടിയുടെ തിരക്കഥ തയ്യാറാക്കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. തട്ടിയെടുത്ത പണത്തില്‍ നിന്നു 9.64 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു.
കളിത്തോക്കാണ് സംഘം കാണിച്ചതെന്നു സംശയിക്കുന്നു. രക്ഷപ്പെടുന്നതിനിടയില്‍ തോക്ക് എവിടെയോ ഉപേക്ഷിച്ചുവെന്നാണ് അറസ്റ്റിലായ പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. തോക്കു കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
