കൊച്ചി: മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ നില്‍ക്കുന്നവരും അംഗങ്ങളും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ല.
മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധം പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല,
പാര്‍ട്ടി സംഘടനാ രംഗത്ത് നില്ക്കുന്ന സഖാക്കള്‍, പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കരുതെന്നാണ് ഞാന്‍ പറഞ്ഞത്. ഇതൊരു സുപ്രഭാതത്തില്‍ ഉണ്ടായ വെളിപാടല്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് തിങ്കളാഴ്ച കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. മദ്യപിക്കരുതെന്നാണ് പാര്‍ട്ടി നിലപാട്. മദ്യപിക്കില്ല, സിഗരറ്റ് വലിക്കാന്‍ പാടില്ല തുടങ്ങിയ ദാര്‍ശനിക ധാരണയില്‍ നിന്നു വന്നവരാണ് ഞങ്ങളെല്ലാം. തങ്ങളാരും ഒരു തുള്ളി പോലും ഇതുവരെ കഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം സംസ്ഥാന സമ്മേളനത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രായ പരിധി 75 വയസ് കഴിഞ്ഞവര്‍ മാത്രം പുറത്തു പോകും. 75 തികയാത്തവരുടെ കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 75 വയസ് പ്രായപരിധി കര്‍ശനമായി നടപ്പാകുന്നതോടെ പി.കെ.ശ്രീമതി, എ.കെ.ബാലന്, ആനാവൂര്‍ നാഗപ്പന് എന്നിവര്‍ സംസ്ഥാന സെക്രട്ടറിയറ്റില്‍ നിന്ന് ഒഴിയും. 75 വയസ് പൂര്‍ത്തിയാവാത്ത ഇ.പി.ജയരാജന്, ടി.പി.രാമകൃഷ്ണന് എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിലനിര്‍ത്തും.
അതേസമയം പ്രായപരിധിയിലെ ഇളവ് സംബന്ധിച്ച സംസ്ഥാന ഘടകങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് പിബി അംഗം പ്രകാശ് കാരാട്ടും പ്രതികരിച്ചു. ഓരോ സംസ്ഥാനത്തും ഓരോ പ്രായപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. നവകേരള രേഖയെ കുറിച്ച് അറിയില്ല. സംസ്ഥാന സമിതിയാണ് അക്കാര്യം പരിഗണിക്കുന്നതെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു.
