കാസര്‍കോട്: വനിതാ ഡോക്ടറോട് ലൈംഗിക ചുവയോടെ അശ്ലീല ഭാഷയില്‍ സംസാരിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. പ്രതികളില്‍ ഒരാളായ അംഗഡിമുഗര്‍ പൊയ്യക്കരയിലെ ഫര്‍സീന്‍ (32) എന്നയാളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലാണ് സംഭവം. പരിക്കു പറ്റിയ നിലയിലാണ് യുവാവും മറ്റൊരാളും ആശുപത്രിയില്‍ എത്തിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശിനിയായ വനിതാ ഡോക്ടര്‍ ആണ് പരിശോധന നടത്തിയത്. എങ്ങിനെയാണ് പരിക്ക് പറ്റിയതെന്നു ചോദിച്ചപ്പോള്‍ ഫര്‍സീനും കൂടെ ഉണ്ടായിരുന്ന ആളും അപമര്യാദയായി പെരുമാറുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
