കാസര്‍കോട്: ദേശീയപാതയില്‍ തിങ്കളാഴ്ച രാത്രി ഉണ്ടായ കാറപകടത്തില്‍ അച്ഛനും മകനും ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ നാടും നാട്ടുകാരും. എന്താണ് സംഭവിച്ചതെന്നു അറിയാതെ കണ്ണീരൊഴുക്കുകയാണ് മരണപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും. ഉപ്പള പാലത്തില്‍ തിങ്കളാഴ്ച രാത്രി 10.30 മണിയോടെ ഉണ്ടായ അപകടത്തില്‍ പൈവളിഗെ ബായിക്കട്ട, മഞ്ചല്‍ത്തോടിയിലെ പരേതരായ കണ്ണപ്പ- രാജീവി ദമ്പതികളുടെ മകനായ ജനാര്‍ദ്ദനന്‍(58), മകന്‍ അരുണ്‍ (28), അരുണിന്റെ സുഹൃത്ത് ഹൊസങ്കടി, മജ്ബയല്‍ റോഡ്, ബെല്ലം കൂട്ടലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൃഷ്ണ എന്ന കിഷന്‍ കുമാര്‍ (32) എന്നിവരാണ് മരിച്ചത്.

മൂന്നുപേരുടെയും മൃതദേഹങ്ങള്‍ മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കും. അപകടത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. വനജയാണ് മരിച്ച ജനാര്‍ദ്ദനന്റെ ഭാര്യ. കിരണ്‍, നിരീക്ഷ മറ്റുമക്കളാണ്. സാംബവി, ശാരദ, കേശവ, പ്രകാശ എന്നിവര്‍ ജനാര്‍ദ്ദനയുടെ സഹോദരങ്ങളാണ്.
പരേതനായ ഭൂപതി- കൃഷ്ണ കുമാരി ദമ്പതികളുടെ ഏകമകനാണ് കിഷന്‍ കുമാര്‍. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
