കാസര്‍കോട്: ടര്‍ഫില്‍ ഫുട്‌ബോള്‍ കളികാണാന്‍ എത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും കുഴിയിലേയ്ക്ക് തള്ളിയിട്ട് കാലിന്റെ എല്ല് പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ്. കാഞ്ഞങ്ങാട് നഗരത്തിലെ ഒരു സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും പള്ളിക്കര, തെക്കേക്കുന്ന് സ്വദേശിയുമായ വിശാഖ് കൃഷ്ണ (14)യാണ് അക്രമത്തിനു ഇരയായത്. പരാതിക്കാരന്റെ സഹോദരനോടുള്ള വിരോധത്തിന്റെ പേരില്‍ അക്രമിച്ചുവെന്നാണ് കേസ്.
ഫെബ്രുവരി 23ന് കാഞ്ഞങ്ങാട്, നോര്‍ത്ത് കോട്ടച്ചേരിക്കു സമീപത്തെ ടര്‍ഫിനു സമാപത്താണ് സംഭവം. വിശാഖ് കൃഷ്ണന്റെ സഹോദരന്‍ പൃഥ്വിയെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത് ചോദ്യം ചെയ്ത വിരോധത്തിലാണ് വിശാഖ് കൃഷ്ണനെ ആക്രമിക്കുകയും മുഖത്തടിക്കുകയും പുറത്ത് ചവിട്ടുകയും ചെയ്ത ശേഷം ആറടി താഴ്ചയുള്ള കുഴിയിലേയ്ക്ക് തള്ളിയിട്ടതെന്നു പരാതിയില്‍ പറഞ്ഞു.
വീഴ്ചയില്‍ വലതു കാലിന്റെ എല്ലൊടിഞ്ഞുവെന്നും മാതാവ് ടി ജി പ്രീത കാസര്‍കോട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ എസ് പി ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ എത്തിയാണ് വിശാഖിനെ ആശുപത്രിയില്‍ എത്തിച്ചത്.
