നാരായണന്‍ പേരിയ
ഇങ്ങനെ ചിലര്‍ക്ക് വാരിക്കോരി കൊടുത്താല്‍ ഖജാന കാലിയാകാതിക്കുന്നതെങ്ങനെ? സാമ്പത്തിക പ്രതിസന്ധികാരണം വികസന പദ്ധതികള്‍ സാധ്യമല്ലാതെ വരുന്നു എന്ന ന്യായം പറഞ്ഞാല്‍?
ആര്‍ക്കാണ് വാരിക്കോരി കൊടുക്കുന്നത്? പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങള്‍ക്കും- ആകെ ഇരുപത്തൊന്ന് പേര്‍ക്ക്. ചാനല്‍ ചര്‍ച്ചയില്‍ ഇതാണ് വിഷയം; പത്രങ്ങള്‍ക്കും.
ചെയര്‍മാന്റെ ശമ്പളം നാല് ലക്ഷത്തിലേറെയാകും. ഇപ്പോള്‍ 2.42 ലക്ഷം രൂപയാണ്. 2016 മുതല്‍ മുന്‍കാലപ്രാബല്യമുണ്ടാകും വര്‍ദ്ധിച്ച നിരക്കിന്. മെമ്പര്‍മാരുടെ ശമ്പളം രണ്ട് ലക്ഷത്തിലേറെയാകും. ചെയര്‍മാനുള്‍പ്പെടെ ഇരുപത്തൊന്ന് പേരാണ് കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ ഉള്ളത്.
അപ്പോള്‍ ആകെ എത്രയാകും? കൂട്ടിക്കോളൂ. ഇതാണ് ചര്‍ച്ചാ വിഷയം(ഒരു തിരുത്ത്: ഇരുപത്തൊന്ന് പേരില്ല നിലവില്‍- ഇരുപതേയുള്ളൂ)
പി എസ് സി അംഗങ്ങളും- ചെയര്‍മാനും ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്മാരുടെ വിഭാഗത്തിലാണ്. അവരുടെ ശമ്പളവും കേന്ദ്ര നിരക്കില്‍ സംസ്ഥാനങ്ങളിലും പരിഷ്‌ക്കരണം എന്നാണ് ചട്ടം. ഭരണഘടനാ സ്ഥാപനമാണ് പി എസ് സി. 1982 വരെ ഒമ്പത് അംഗങ്ങളാണ് ഉണ്ടായിരുന്നത്. 1983ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ പതിമൂന്ന് ആക്കി. അടുത്ത വര്‍ഷം പതിനഞ്ചാക്കി; അതേ സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇരുപത്തൊന്നാക്കി വര്‍ദ്ധിപ്പിച്ചു. വീണ്ടും കൂട്ടാന്‍ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വിലക്കി. 2016ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഇരുപത്തൊന്ന് എന്ന പഴയ നില തുടര്‍ന്നു. അതാണ് ഇപ്പോള്‍ നിലവിലുള്ളത്. ഒരംഗത്തിന്റെ ഒഴിവുണ്ടായിരുന്നത് നികത്തിയിട്ടില്ല. അതുകൊണ്ട് ഇരുപത്.
ശമ്പളത്തിന്റെ കാര്യം മുമ്പ് പറഞ്ഞല്ലോ. അത് ജുഡീഷ്യല്‍ ഓഫീസര്‍മാരുടേത്. നിശ്ചയിച്ചത് കേന്ദ്ര ഗവണ്‍മെന്റാണ്. ചെയര്‍മാന്റേത് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌ക്കെയിലിലും അംഗങ്ങളുടേത് ജില്ലാ ജഡ്ജിമാരുടെ ഗ്രേഡിലും. ദേശീയ ജുഡീഷ്യല്‍ ശമ്പളക്കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള ശമ്പളം മുന്‍കാല പ്രാബല്യത്തോടെ നല്‍കണം എന്നാണ് സുപ്രീംകോടതി വിധിച്ചിട്ടുള്ളത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 318 പ്രകാരം അത് ചെയ്തില്ലെങ്കിലും ഭരണഘടനാ ലംഘനമാകും; കോടതി അലക്ഷ്യവും.
പി എസ് സിയില്‍ ചെയര്‍മാനും അംഗങ്ങള്‍ക്കും സര്‍ക്കാര്‍ വാരിക്കോരി കൊടുക്കുന്നു എന്ന് ആക്ഷേപിക്കുന്നവര്‍ ഇതൊന്നും അറിയാത്തതോ, അറിഞ്ഞിട്ടും പറയാത്തതോ? പറയേണ്ട ഒന്നുണ്ടായിരുന്നു- മുന്‍കാല പ്രാബല്യത്തോടെ കൊടുക്കുമ്പോള്‍ ഗഡുക്കളുണ്ടോ എന്നത്. ജീവനക്കാര്‍ക്ക് എപ്പോഴും ഗഡുക്കളായിട്ടാണല്ലോ കൊടുക്കുക. കുടിശ്ശികയുണ്ടാകും.
മന്ത്രിമാരുടേയും എം എല്‍ എമാരുടെയും ശമ്പളവും അലവന്‍സുകളും പെന്‍ഷനും അവര്‍ തന്നെ നിശ്ചയിക്കുന്നു. അതും ഖജനാവില്‍ നിന്നെടുക്കുന്നു. പബ്ലിക് സര്‍വ്വീസ് കമ്മീഷനിലെ ശമ്പളക്കാര്യവും മറ്റും ചര്‍ച്ച ചെയ്യുന്നവര്‍ ഇതിനെപ്പറ്റി മിണ്ടുന്നില്ല. മന്ത്രിമാരുടെ എണ്ണം സഭയിലെ മൊത്തം അംഗങ്ങളുടെ ഒരു നിശ്ചിത ശതമാനമേ പാടുള്ളൂ എന്നുണ്ട്. അതും കൂട്ടണം എന്നുണ്ടെങ്കില്‍ ഒരു തന്ത്രം പ്രയോഗിക്കും. ‘കളാശ്ശേരി തന്ത്രം’. ഒരു കമ്മീഷന്‍. മന്ത്രിയുടെ പദവി; ശമ്പളവും. അതിനായി ഒരു ഓര്‍ഡിനന്‍സ്. പിന്നാലെ ബില്ലും. മുന്നോക്ക സമുദായ കോര്‍പ്പറേഷനും, പിന്നോക്ക കോര്‍പ്പറേഷനും. ചെയര്‍മാന്‍മാര്‍ക്ക് മന്ത്രിയുടെ പദവിയും ശമ്പളവും. ദാമോദരന്‍ കളാശ്ശേരി, ആര്‍ ബാലകൃഷ്ണപ്പിള്ള എന്നിവര്‍ക്കു വേണ്ടി ഓരോ സന്ദര്‍ഭത്തില്‍ ചെയ്തത്. ഖജാന ചോര്‍ത്തി എന്ന വിമര്‍ശനമുണ്ടായോ? നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. സാമ്പത്തിക പ്രതിസന്ധി ഇല്ലാതിരുന്ന കാലമോ?
മന്ത്രിമാരുടെ ശമ്പളവും മറ്റ് സാമ്പത്തികാനുകൂല്യങ്ങളും അവര്‍ തന്നെയാണ് നിശ്ചയിക്കുക. രണ്ടുകൊല്ലക്കാലം നിയമ സഭാംഗമായിരുന്നാല്‍ ആജീവനാന്തം പെന്‍ഷന്‍. സത്യപ്രതിജ്ഞ ചെയ്തതിന്റെ അടുത്ത ദിവസം തന്നെ സ്ഥാനം ഒഴിഞ്ഞാലും പെന്‍ഷന്‍ എന്നൊരു ചട്ടമുണ്ടാക്കാന്‍ ശ്രമിച്ചതായിരുന്നു; പക്ഷേ പറ്റിയില്ല. എങ്കിലും രണ്ടു കൊല്ലത്തിന് പെന്‍ഷന്‍ കിട്ടും! മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളവും അലവന്‍സും നിശ്ചയിക്കുന്നതും മന്ത്രിസഭയാണ്. സ്റ്റാഫിന്റെ വിദ്യാഭ്യാസ യോഗ്യതയും മന്ത്രിമാര്‍ തീരുമാനിക്കും; എത്രപേര്‍ വേണം ഓരോ മന്ത്രിക്കും എന്നും.
മലയാളമനോരമ ഇത് സംബന്ധിച്ച് 2014ല്‍ ഒരു വാര്‍ത്താ പരമ്പര പ്രസിദ്ധീകരിക്കുകയുണ്ടായി. പരമ്പരയുടെ ചുരുക്കം 3-3-2014-ന്റെ പത്രത്തിലും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കണക്കാണ്. മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫ് ആകെ 723. കാബിനറ്റ് റാങ്കുള്ള മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനും പേഴ്ണല്‍ സ്റ്റാഫിനെ നിയമിക്കാം മന്ത്രിമാരെപ്പോലെ. മുഖ്യമന്ത്രിയുടെ ഓഫീസിലേതുള്‍പ്പെടെ ഒദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടാത്ത പേഴ്‌സണല്‍ സ്റ്റാഫ് ഇതിന് പുറമെ. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളാണ് വാര്‍ത്താ പരമ്പരയ്ക്ക് അവലംബം. ശരാശരി 65,000 രൂപയില്‍ കൂടുതല്‍ ശമ്പളം പറ്റുന്ന 24 പ്രൈവറ്റ് സെക്രട്ടറിമാരും 86 അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരും 94 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരും മന്ത്രിമാര്‍ക്ക് കീഴിലുണ്ട്.
അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് മാരായി 124 പേര്‍. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തവരോ, അല്ലാത്തവരോ ആകാം ഇവര്‍. മന്ത്രിയുടെ സ്റ്റാഫ് തലസ്ഥാനത്ത് തന്നെ പ്രവര്‍ത്തിക്കണം എന്നില്ല. തലസ്ഥാനം കാണാത്തവരും ഉണ്ട്.
ഒരു മന്ത്രിക്ക് അനുവദനീയമായത് 30 സ്റ്റാഫ്. അതില്‍കൂടാനും വിരോധമില്ല. മുപ്പത് പേരില്‍ പത്തുപേരെ പെന്‍ഷന് അര്‍ഹതയുള്ള കാലയളവ്-അതായത് രണ്ട് കൊല്ലം തികയുമ്പോള്‍ ഒഴിവാക്കി വീണ്ടും പത്തുപേരെ എടുക്കാം. മുഖ്യമന്ത്രിയുടെ കീഴില്‍ 24പേര്‍. അനുവദനീയമായതില്‍ രണ്ട് കുറവ് എന്ന് തോന്നാം. എന്നാല്‍ അത് ശരിയല്ല; 14 പേര്‍ വേറെയുണ്ട് സ്റ്റാഫായിട്ട്. അവര്‍ക്കും കിട്ടും ശമ്പളവും പെന്‍ഷനും മറ്റും.
മനോരമാ പരമ്പര വായിച്ച് കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ ഇക്കാര്യത്തില്‍ വ്യക്തമായ മാനദണ്ഡം വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. എന്നിട്ട് ഫലമുണ്ടായില്ലത്രേ. സ്റ്റാഫുകളെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തേടണമെന്നും; രമേശ് ചെന്നിത്തല ചെയ്തത് പോലെ.
ഇവര്‍ക്കെല്ലാം വേണ്ടി ഖജാനയില്‍ നിന്ന് പോകുന്ന കോടികള്‍! പിന്നാലെ വന്ന സര്‍ക്കാരും മുന്‍ വഴിയില്‍ നിന്ന് മാറിയോ? മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിക്കട്ടെ. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും പി എസ് സി അംഗങ്ങളും മാത്രമല്ല ഖജാന കാലിയാക്കുന്നത്.