കാസര്‍കോട്: പാണത്തൂര്‍, മഞ്ഞടുക്കം, തുളുര്‍വനം ഭഗവതി ക്ഷേത്രത്തിലേക്കുള്ള പൂക്കാര്‍ സംഘം യാത്ര തിരിച്ചു. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി തുളൂര്‍ വനത്ത് ഭഗവതിയുടെ കലശങ്ങള്‍ അലങ്കരിക്കുന്നതിനുള്ള പൂക്കളുമായി പുറപ്പെട്ട സംഘങ്ങള്‍ ഞായറാഴ്ച വൈകുന്നേരം നാലിന് കാട്ടൂര്‍ തറവാട്ടിലെത്തും.
കിഴക്കുംകര എളയടത്ത് കുതിര് പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തു നിന്നും അടോട്ട് മൂത്തേടത്ത് കുതിര് പഴയ ദേവസ്ഥാനത്തു നിന്നുമുള്ള സംഘങ്ങളാണ് ശനിയാഴ്ച വൈകുന്നേരം യാത്ര തിരിച്ചത്. പച്ചോല കൊണ്ട് മൊടഞ്ഞ കൊട്ടയില്‍ ചെക്കിപ്പൂ നിറച്ച് പ്രത്യേകം നിയോഗിക്കപ്പെട്ട വാല്യക്കാരന്‍ തലയിലേന്തും. പരമ്പരാഗത പാതയിലൂടെ കിലോമീറ്ററുകളോളം കാല്‍നടയായിട്ടാണ് യാത്ര തിരിച്ചെത്തുന്നത്. യാത്രക്കിടയില്‍ വിവിധ തറവാടുകളിലും ദേവസ്ഥാനങ്ങളിലും വിശ്രമിക്കുന്ന സംഘം വൈകുന്നേരം കാട്ടൂര്‍ തറവാട്ടില്‍ എത്തുമ്പോള്‍ വിളക്കും തളികയുമായി എതിരേല്‍ക്കും. മുന്നായീശ്വരന്റെ ചൈതന്യം പൂക്കൊട്ടയില്‍ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. മാര്‍ച്ച് ഏഴിന് സംഘം തിരികെയെത്തും.
