മുള്ളേരിയ: കടുമന വടക്കനടുക്കം വയനാട്ടു കുലവന്‍ ദൈവസ്ഥാനത്തു ഏപ്രില്‍ 22,23,24 തിയ്യതികളില്‍ നടക്കുന്ന വയനാട്ടു കുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി കൂവം അളക്കലും അടയാളം കൊടുക്കലും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. ആദ്യ കൂവം അളന്നു നല്‍കിയത് കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തിലേക്കാണ്. തുടര്‍ന്ന് മറ്റ് ക്ഷേത്രങ്ങളിലേക്കും അളന്നു നല്‍കി. അഡൂര്‍ കഴകം പതിക്കാലടുക്കം ഐവര്‍ മഹാവിഷ്ണു തമ്പുരാട്ടി ക്ഷേത്രം കാരണവര്‍, സ്ഥാനികര്‍, വിവിധ കഴക ക്ഷേത്രങ്ങളില്‍ നിന്നുള്ള സ്ഥാനികര്‍, ഭാരവാഹികള്‍, തെയ്യം കെട്ട് ആഘോഷ കമ്മിറ്റി ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു. ഏപ്രില്‍ 22ന് രാവിലെ കലവറ നിറയ്ക്കല്‍, രാത്രി തെയ്യം കൂടല്‍, ഏപ്രില്‍ 23ന് വൈകുന്നേരം 5.30ന് ഭണ്ഡാരം എഴുന്നള്ളത്ത്. തുടര്‍ന്ന് കോരച്ഛന്‍ തെയ്യത്തിന്റെ വെള്ളാട്ടം, രാത്രി ഒന്‍പതു മണിക്ക് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം, 11 മണിക്ക് വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ തിടങ്ങല്‍, വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം. ഏപ്രില്‍ 24ന് രാവിലെ 8 മണിക്ക് കോരച്ഛന്‍ തെയ്യത്തിന്റെ പുറപ്പാട്, 11 മണിക്ക് കണ്ടനാര്‍ കേളന്‍, ഉച്ചക്ക് 3മണിക്ക് വയനാട്ടുകുലവന്‍ തെയ്യങ്ങളുടെ പുറപ്പാട്, ചൂട്ടൊപ്പിക്കല്‍, വൈകുന്നേരം 4 മണിക്ക് വിഷ്ണുമൂര്‍ത്തി തെയ്യം പുറപ്പാട്, രാത്രി 11.30ന് മറ പിളര്‍ക്കല്‍, തുടര്‍ന്ന് കൈവീതോടുകൂടി മഹോത്സവം സമാപിക്കും.
