റോഹ്തക്(ഹരിയാന): ഹരിയാനയിലെ റോഹ്തക് സംപ്ല ബസ്സ്റ്റാന്റിനടുത്തു കാണപ്പെട്ട വലിയ സ്യൂട്ട് കേസില്‍ യുവതിയുടെ മൃതദേഹം. മൃതദേഹം യൂത്ത്‌കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയുടേതാണെന്ന ഒരു വിഭാഗം പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍ ഹരിയാനയില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കു വഴിവച്ചു.

പൊലീസ് അന്വേഷണത്തില്‍ കോണ്‍ഗ്രസ് നേതൃതലത്തിലേക്ക് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയായിരുന്ന 22 കാരിയായ ഡല്‍ഹി സ്വദേശിനി ഹിമാനി നര്‍വാലിന്റേതാണെന്നു പൊലീസ് കണ്ടെത്തി. എല്‍ എല്‍ ബിക്കാരിയായ ഹിമാനി ഹരിയാനയില്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയുമായി അടുത്ത രാഷ്ട്രീയ ബന്ധം ഇവര്‍ക്കുണ്ടായിരുന്നു. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ഹരിയാനയില്‍ ഹിമാനി നര്‍വാല്‍ രാഹുലിനൊപ്പം ആദ്യന്തം ഉണ്ടായിരുന്നു. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഭൂപേന്ദര്‍സിംഗ് ഹൂഡെയുടെ കുടുംബവുമായും വലിയ അടുപ്പത്തിലായിരുന്നു.
ഹിമാനിക്കു പാര്‍ട്ടിയില്‍ വലിയ പ്രശസ്തി ഉണ്ടാവുന്നതില്‍ അവരുടെ എതിര്‍ ഗ്രൂപ്പുകാര്‍ക്കും അനുകൂലികള്‍ക്കും അവരോടു കടുത്ത വൈരാഗ്യമുണ്ടായിരുന്നതായി വിവരമറിഞ്ഞു ഡെല്‍ഹിയില്‍ നിന്നെത്തിയ മാതാവ് സവിത പറഞ്ഞു. ഫെബ്രുവരി 28ന് ഹിമാനി വീട്ടിലുണ്ടായിരുന്നതായും പറയുന്നുണ്ട്.
അതേസമയം ഹിമാനി നര്‍വാലിന്റെ മരണത്തില്‍ തങ്ങള്‍ക്കു സംശയമൊന്നുമില്ലെന്നു വിവരമറിഞ്ഞു മാതാവിനൊപ്പം ഡല്‍ഹിയില്‍ നിന്നെത്തിയ ഹിമാനി നര്‍വലിന്റെ സഹോദരന്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണമാരംഭിച്ചതായി സംപ്ല ഡി എസ് പി രജനീഷ് കുമാര്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഹിമാനിയുടെ ഫോണ്‍ കണ്ടെടുത്തു. സൈബര്‍, ഫോറന്‍സിക്ക് വിഭാഗങ്ങളും അന്വേഷിക്കുന്നു- അദ്ദേഹം പറഞ്ഞു.
അന്വേഷണത്തില്‍ സത്യം തെളിയുമെന്നും ഇതിനു പിന്നില്‍ പാര്‍ട്ടിക്കാരുടെ പങ്കുണ്ടോ എന്നും അപ്പോഴറിയാമെന്നു കോണ്‍. നേതാവ് ഭൂപേന്ദ്രസിംഗ് ഹൂഡെ പറഞ്ഞു.
മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. സത്യം തെളിഞ്ഞ ശേഷമേ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യൂ എന്നു മാതാവ് സവിത പറഞ്ഞു.