പി.പി ചെറിയാന്‍
വാഷിങ്ടന്‍: മൂന്ന് വര്‍ഷമായി തുടരുന്ന റഷ്യന്‍-യുക്രെയ്ന്‍ യുദ്ധത്തിന്റെ ഉത്തരവാദിത്വം യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്കാണെന്നാരോപിച്ചു സെലെന്‍സ്‌കിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാന്‍സും പരസ്യമായി ശാസിച്ചു.
വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചക്കിടയിലാണ് ട്രംപും സെലെന്‍സ്‌കിയും തമ്മില്‍ വാക്കേറ്റവും വെല്ലുവിളിയും നടത്തിയത്. ഇതേ തുടര്‍ന്ന് ചര്‍ച്ച അലസിപ്പിരിഞ്ഞു. ഓവല്‍ ഓഫീസില്‍ നടന്ന നാടകീയമായ ചര്‍ച്ചയ്ക്കിടെ വൊളോഡിമര്‍ സെലെന്‍സ്‌കിയുമായി അതിരൂക്ഷ തര്‍ക്കത്തെ തുടര്‍ന്ന് സംയുക്ത വാര്‍ത്താ സമ്മേളനം ഡോണള്‍ഡ് ട്രംപ് റദ്ദാക്കി. പിന്നാലെ, വൈറ്റ് ഹൗസില്‍ നിന്ന് സെലെന്‍സ്‌കി മടങ്ങി.
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനു കരാര്‍ ഉണ്ടാക്കാന്‍ പുട്ടിന്‍ ആഗ്രഹിക്കുന്നുവെന്ന് ചര്‍ച്ചക്കിടയില്‍ ട്രംപ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് പുട്ടില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന വ്യക്തിയല്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും വ്യക്തമാക്കിയ സെലെന്‍സ്‌കി, യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തയാറെങ്കില്‍ ഉറപ്പു ലഭിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നാം ലോകയുദ്ധമുണ്ടായേക്കാവുന്ന നടപടികളാണു സെലെന്‍സ്‌കിയുടേതെന്ന് ട്രംപ് ആരോപിച്ചു. ഇതോടെ, പുട്ടിനോടുള്ള ട്രംപിന്റെ മൃദുല സമീപനത്തെ സെലന്‍സ്‌കി പരസ്യമായി വെല്ലുവിളിച്ചു. യുഎസ് ചെയ്ത സഹായങ്ങള്‍ക്ക് നന്ദി വേണമെന്ന് സെലെന്‍സ്‌കിയോട് ട്രംപ് പറഞ്ഞു. ഇതിനു മറുപടിയായി ‘അമേരിക്കന്‍ ജനതയോട് താന്‍ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ടെന്നു സെലെന്‍സ്‌കി പ്രതികരിച്ചു. രാഷ്ട്ര നേതാക്കളുടെ പതിവു ചര്‍ച്ചകളില്‍ നിന്നു മാറി പരസ്പരം വാക്കുതര്‍ക്കത്തിലേക്കു നീങ്ങിയതോടെ ചര്‍ച്ച അവസാനിപ്പിച്ചു.
ട്രംപ് ഉക്രെയ്നിന് ‘ശക്തമായ അടി’ നല്‍കിയെന്ന് റഷ്യന്‍ സുരക്ഷാ കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേധാവി ദിമിത്രി മെദ്വദേവ് ടെലിഗ്രാമില്‍ എഴുതി. നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതില്‍ കാനഡ ഉക്രേനിയക്കൊപ്പം തുടര്‍ന്നും നിലകൊള്ളുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
”റഷ്യ നിയമവിരുദ്ധമായും അന്യായമായും ഉക്രെയ്നെ ആക്രമിച്ചു. മൂന്ന് വര്‍ഷമായി, ഉക്രേനിയക്കാര്‍ ധൈര്യത്തോടെയും സഹിഷ്ണുതയോടെയും പോരാടി. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള അവരുടെ പോരാട്ടം നമുക്കെല്ലാവര്‍ക്കും പ്രധാനപ്പെട്ട ഒരു പോരാട്ടമാണ്”-കാനഡ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ എക്സില്‍ എഴുതി.