ന്യൂദെല്‍ഹി/ കാസര്‍കോട്: ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന തൃക്കരിപ്പൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നിന്നു മണാലിയിലേക്ക് ടൂര്‍ പോയ വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങിയ സംഘം നടുറോഡില്‍ കുടുങ്ങി. കനത്ത ഹിമപാതവും മണ്ണിടിച്ചിലുമാണ് കാരണമെന്നാണ് കോളേജില്‍ ലഭിച്ചിട്ടുള്ള വിവരം. കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ 48 വിദ്യാര്‍ത്ഥികളും രണ്ടു അധ്യാപകരുമാണ് മണാലിയിലേക്ക് ടൂര്‍ പോയിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം റോഡില്‍ കുടുങ്ങുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നുമാണ് നാട്ടില്‍ ലഭിച്ചിട്ടുള്ള വിവരം. കനത്ത തോതില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് നൂറുകണക്കിനു വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മണ്ണിടിച്ചലിനെ തുടര്‍ന്ന് 200ല്‍പ്പരം റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ചമ്പ, കുളുമണാലി തുടങ്ങിയ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
