കാസര്‍കോട്: വാട്‌സ്ആപ്പിലൂടെ 21കാരിയായ യുവതിയെ മുത്തലാഖ് ചൊല്ലിയതായി പരാതി. കാഞ്ഞങ്ങാട്, കല്ലൂരാവി സ്വദേശിനിയാണ് ബദിയഡുക്ക, നെല്ലിക്കട്ട സ്വദേശിയായ ഭര്‍ത്താവ് അബ്ദുല്‍ റസാഖിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പിതാവിന്റെ ഫോണിലേക്കാണ് അബ്ദുല്‍ റസാഖ് മുത്തലാഖ് ചൊല്ലുന്ന സന്ദേശം അയച്ചതെന്നു പരാതിയില്‍ പറയുന്നു. ഫെബ്രുവരി 21നാണ് പരാതിക്ക് ആസ്പദമായ സന്ദേശം അബ്ദുല്‍ റസാഖ് ഗള്‍ഫില്‍ നിന്നു അയച്ചത്.
ഭര്‍തൃവീട്ടില്‍ കടുത്ത പീഡനം അനുഭവിച്ചുവെന്നും ഭക്ഷണം നല്‍കിയില്ലെന്നും അസുഖം ഉണ്ടായാല്‍ ആശുപത്രിയില്‍ കൊണ്ടു പോകാറില്ലെന്നും യുവതി പരാതിയില്‍ പറഞ്ഞു. രണ്ടര വര്‍ഷക്കാലം പീഡനം തുടര്‍ന്നുവെന്നും ഈ സമയത്ത് ഭര്‍ത്താവ് നന്നായി പെരുമാറിയിരുന്നുവെന്നും എല്ലാം സഹിച്ചാണ് ജീവിച്ചിരുന്നതെന്നും ഇപ്പോള്‍ ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. പരാതിയില്‍ കേസെടുത്തിട്ടില്ലെന്നും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഹൊസ്ദുര്‍ഗ് പൊലീസ് പറഞ്ഞു.
