കോട്ടയം: പരാതിക്കാരിയെ ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ച എഎസ്‌ഐയെ വിജിലന്‍സ് അറസ്റ്റു ചെയ്തു. കോട്ടയം, ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജുവിനെയാണ് അറസ്റ്റു ചെയ്തത്.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് യുവതി നേരത്തെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. എന്നാല്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കഴിഞ്ഞ ദിവസം വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി. ഇന്‍സ്‌പെക്ടര്‍ അവധിയിലാണെന്ന് അറിഞ്ഞപ്പോള്‍ പരാതിക്കാരി എഎസ്‌ഐ ബിജുവിനെ സമീപിച്ചു.
ഈ സമയത്താണ് പരാതിക്കാരിയോട് ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. യുവതി ഇക്കാര്യം കോട്ടയം വിജിലന്‍സ് ഓഫീസിലെത്തി അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരം കോട്ടയം, മാങ്ങാനത്തുള്ള ഒരു ഹോട്ടലില്‍ എത്തിച്ചേരണമെന്ന് പരാതിക്കാരി ബിജുവിനോട് ആവശ്യപ്പെട്ടു. അണിഞ്ഞൊരുങ്ങി ബിജു ഹോട്ടലില്‍ എത്തിയപ്പോഴാണ് വിജിലന്‍സിന്റെ പിടിയിലായത്.
