കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബല്ല, ആലയില്‍, പൂടംകല്ലിലെ ക്വാര്‍ട്ടേഴ്‌സില്‍ അനധികൃതമായി താമസിച്ചുവരുകയായിരുന്ന ബംഗ്ലാദേശ് പൗരനെ പൊലീസ് അറസ്റ്റു ചെയ്തു. അത്തിയാര്‍ റഹ്‌മാന്‍ എന്നയാളെയാണ് ഹൊസ്ദുര്‍ഗ് പൊലീസിന്റെ സഹായത്തോടെ കണ്ണൂരില്‍ നിന്നും എത്തിയ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്(എടിഎസ്)അറസ്റ്റു ചെയ്തത്. എന്നാല്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ സാബിര്‍ഷേഖ് നാദിയ (24) എന്ന പേരാണ് ഉണ്ടായിരുന്നത്. ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്നു പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. മാത്രമല്ല തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനല്‍ കോപ്പി കൈവശം ഉണ്ടായിരുന്നില്ല. മൊബൈല്‍ ഫോണില്‍ എടുത്തു വച്ച ഫോട്ടോ മാത്രമാണ് ഉണ്ടായിരുന്നത്. ഒറിജിനല്‍ രേഖകള്‍ എവിടെയാണെന്നു അന്വേഷണ സംഘം ചോദിച്ചപ്പോള്‍ യാത്രക്കിടയില്‍ നഷ്ടപ്പെട്ടുവെന്ന മറുപടിയാണ് അത്തിയാര്‍ റഹ്‌മാന്‍ നല്‍കിയത്. പശ്ചിമ ബംഗാളില്‍ ബന്ധുക്കള്‍ ഉണ്ടായിരുന്നുവെന്നും അവരെല്ലാം മരിച്ചു പോയതായും യുവാവ് മൊഴി നല്‍കി. യുവാവിന്റെ ഒളിവുവാസം അധികൃതര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്.
അതേ സമയം മതിയായ രേഖകള്‍ ഇല്ലാതെ താമസസൗകര്യം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് മുന്നറിയിപ്പു നല്‍കി. ഒറിജിനല്‍ രേഖ പരിശോധിച്ച ശേഷം അതിന്റെ കോപ്പി വാങ്ങി അതാത് പൊലീസ് സ്റ്റേഷനുകളില്‍ അറിയിക്കണമെന്നും അല്ലാത്ത പക്ഷം കെട്ടിട ഉടമകളെ കൂടി ഇത്തരം കേസുകളില്‍ പ്രതി ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശ് പൗരന്മാരായ നിരവധി പേര്‍ പശ്ചിമബംഗാള്‍ സ്വദേശികളെന്ന വ്യാജേന കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചു വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എ.ടി.എസ് കാഞ്ഞങ്ങാട്ടെത്തി സാബിര്‍ഷേഖ് നാദിയയെ പിടികൂടിയത്.
