ബംഗ്‌ളൂരു: കുപ്രസിദ്ധ അന്തര്‍സംസ്ഥാന വാഹനമോഷ്ടാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്രാപ്രദേശ്, ചിറ്റൂര്‍, ഗോവര്‍ധന്‍ നഗരിയിലെ ഡി പ്രസാദ് ബാബു എന്ന പ്രസാദി(32)നെയാണ് ബംഗ്‌ളൂരു എസ്.എല്‍ പുര പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 1.45 കോടി രൂപ വില മതിക്കുന്ന 24 ബുള്ളറ്റ്, 32 ബൈക്കുകള്‍ എന്നിവ കണ്ടെടുത്തു. പ്രതിയുടെ അറസ്റ്റോടെ ബംഗ്‌ളൂരു, കോലാര്‍, ആന്ധ്രാപ്രദേശ്, തെലുങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലെ നിരവധി ഇരുചക്ര വാഹന മോഷണ കേസുകള്‍ക്ക് തുമ്പാകുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രസാദ് നേരത്തെ ഡ്രൈവറായും മെക്കാനിക്കായും ജോലി ചെയ്തിരുന്നു. എന്നാല്‍ കാര്യമായ വരുമാനം ലഭിക്കാത്തതിനെ തുടര്‍ന്ന് മൂന്നു വര്‍ഷം മുമ്പാണ് മോഷണത്തിലേക്ക് തിരിഞ്ഞത്. വീട്ടുമുറ്റങ്ങളില്‍ നിര്‍ത്തിയിടുന്ന ബൈക്കുകളുടെ ഹാന്റില്‍ ലോക്ക് തകര്‍ത്ത് മിനുറ്റുകള്‍ക്കിടയില്‍ രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. ചിറ്റൂരില്‍ നിന്നു രാവിലെ ബംഗ്‌ളൂരു എത്തി വൈകുന്നേരം ബൈക്ക് മോഷ്ടിച്ച് കടക്കുകയായിരുന്നു പ്രസാദിന്റെ രീതിയെന്നും പൊലീസ് പറഞ്ഞു. മോഷ്ടിക്കുന്ന ബൈക്കുകള്‍ തുച്ഛമായ വിലയ്ക്കു വില്‍പ്പന നടത്തുകയും ചെയ്യും. ഇരുചക്ര വാഹന കവര്‍ച്ച പതിവായതോടെ പൊലീസിനു തലവേദനയായി. ഇതിനിടയില്‍ തെലുങ്ക് സിനിമയിലെ ഒരു നായകന്റെ പിന്നാലെ പൊലീസ് വരുന്ന ഫോട്ടോ പ്രസാദ് വാട്‌സ്ആപ് സ്റ്റാറ്റ്‌സ് ഇട്ടതാണ് വിനയായത്. ഫോട്ടോയ്ക്ക് ഒപ്പം ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റു ചെയ്യുവെന്നു വെല്ലുവിളിക്കുകയും ചെയ്തതും മോഷ്ടാവിനെ കണ്ടെത്താന്‍ പൊലീസിനു സഹായകമായി.
