പിപി ചെറിയാന്
വാഷിംഗ്ടണ്‍ ഡി സി : 14 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരെ രജിസ്റ്റര്‍ ചെയ്യാനും അവരുടെ വിരലടയാളം യുഎസ് സര്‍ക്കാരിന് നല്‍കാനും അല്ലെങ്കില്‍ ക്രിമിനല്‍ പ്രോസിക്യൂഷനു വിധേയമാക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്രംപ് ഭരണകൂടം വെളിപ്പെടുത്തി.
രാജ്യത്തുള്ള ദശലക്ഷക്കണക്കിനു നിയമവിരുദ്ധ കുടിയേറ്റക്കാര്‍ സ്വന്തമായി രാജ്യം വിടാന്‍ പ്രേരിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമാണിത്. ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പാണ് ഇതുസംബന്ധിച്ചു പ്രഖ്യാപനം നടത്തിയിട്ടുള്ളത്. അത്തരം കുടിയേറ്റക്കാരോട് രാജ്യം വിടാന്‍ ഭരണകൂട ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
'നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവരോട് പ്രസിഡന്റ് ട്രംപിനും സെക്രട്ടറി നോയമിനും വ്യക്തമായ ഒരു സന്ദേശമുണ്ട്, ഇപ്പോള്‍ രാജ്യം വിടുക,' -ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയമിനെ ഉദ്ധരിച്ചുകൊണ്ട് വകുപ്പിന്റെ വക്താവ് ട്രീഷ്യ മക്ലോഫ്ലിന് പ്രസ്താവനയില്‍ പറഞ്ഞു. 'നിങ്ങള്‍ ഇപ്പോള്‍ രാജ്യം വിടുകയാണെങ്കില്‍, നിങ്ങള്‍ക്ക് മടങ്ങിവന്ന് നമ്മുടെ സ്വാതന്ത്ര്യം ആസ്വദിക്കാനും അമേരിക്കന്‍ സ്വപ്നം സഫലമാക്കാനും അവസരം ലഭിച്ചേക്കാം.'-സന്ദേശം ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുന്നോട്ട് വരാന്‍ സാധ്യതകുറവാണു, പ്രത്യേകിച്ച് ട്രംപിന്റെ കൂട്ട നാടുകടത്തല്‍ ഭീഷണി നിലനില്ക്കുമ്പോള്. അനധികൃത കുടിയേറ്റക്കാര്‍ എവിടെയാണെന്ന് ഭരണകൂടത്തിനു ഇപ്പോള്‍ അറിയില്ല, അതിനാല്‍ അവര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പ്രയാസമാണ്. അനധികൃത കുടിയേറ്റക്കാരെ ഏത് വിധത്തിലും അറസ്റ്റുചെയ്യാനുള്ള ശ്രമം തുടരുകയാണ്. 'അതിനാല്‍ രാജ്യത്ത് നിന്ന് കൂടുതല്‍ വ്യക്തികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതിന് കൂടുതല്‍ ന്യായീകരണങ്ങള്‍ ഉണ്ടാക്കാന്‍ ഈ വ്യവസ്ഥ വഴി ഉദ്ദേശിക്കുന്നുണ്ടാവുമെന്നു ആശങ്ക ഉണ്ട്' -പൗരാവകാശ സംഘടനയായ യൂണിഡോസ്യുഎസിന്റെ മുതിര്‍ന്ന ഇമിഗ്രേഷന്‍ ഉപദേഷ്ടാവ് ക്രിസ് റാമോണ്‍ പറഞ്ഞു. ''രേഖകളില്ലാത്ത വ്യക്തികള്‍ക്ക് ഇത് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു, ജനുവരി അവസാനം മുതല്‍ അവരെയും അവരുടെ കുടുംബങ്ങളെയും ഈ ഭയം വേട്ടയാടുകയാണ്..'', രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പ്, രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ അവരുടെ പ്രാദേശിക പോസ്റ്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഒരു നിയമം യുഎസ് പാസാക്കിയിരുന്നു.
ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്കും, ഇതിനകം നാടുകടത്തല്‍ നടപടികളിലായവര്ക്കും, വിസയുമായി രാജ്യത്ത് പ്രവേശിച്ചവര്‍ക്കും രജിസ്ട്രേഷന് ബാധകമല്ലെന്ന് വകുപ്പ് പറഞ്ഞു. എന്നാല്‍ 14 വയസ്സിന് താഴെയുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ മാതാപിതാക്കള്‍ അവരുടെ കുട്ടികളെ രജിസ്റ്റര്‍ ചെയ്യണം.
യുഎസില്‍ ഏകദേശം 13 ദശലക്ഷം രേഖകളില്ലാത്ത കുടിയേറ്റക്കാരുണ്ട്. എത്ര പേര് രജിസ്റ്റര്‍ ചെയ്യുമെന്നോ രജിസ്ട്രേഷന് നിര്‍ദ്ദേശം അവരെ ബാധിക്കുമെന്നോ വ്യക്തമല്ല. എന്നാല്‍ യുഎസിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും 15 വര്‍ഷമോ അതില്‍ കൂടുതലോ ആയി ഇവിടെ താമസിക്കുന്നുണ്ടെന്നും, അവര്‍ ഈ നിയമം പാലിക്കാനുള്ള സാധ്യത കുറവാണെന്നും അമേരിക്കന്‍ ഇമിഗ്രേഷന്‍ കൗണ്‍സിലിലെ പോളിസി ഡയറക്ടര്‍ നയന ഗുപ്ത ബിബിസിയോട് പറഞ്ഞു.
