ആണ്ടി മൂസോറും പാറ്റേട്ടിയും ഭാഗം-6 | Kookkanam Rahman

പ്രക്കാനത്തെ ചുമടു താങ്ങിയും കണ്ണീര്‍ പന്തലും

നേരം പതിനൊന്ന് മണിയായി കാണും. ആണ്ടി കണ്ടത്തില്‍ നിന്ന് വന്ന് കയറി അല്‍പം കുളുത്ത് കുടിച്ച് ഇറയത്തെ ബെഞ്ചില്‍ ഇരിക്കുകയാണ്. ബീഡിവലിയില്ലെങ്കിലും അല്‍പം വെറ്റില മുറുക്ക് സ്വഭാവമുണ്ട് ആണ്ടിക്ക്. മുറുക്കാന്‍ ചെല്ലമെടുത്ത് അടക്ക വായിലിട്ട് വെറ്റിലയ്ക്ക് നൂറ് പുരട്ടുമ്പോഴാണ് നടവഴിയിലൂടെ ഒരു സ്ത്രീ വീട്ടിലേക്ക് വരുന്നത് ആണ്ടിയുടെ ശ്രദ്ധയില്‍ പെട്ടത്. മുണ്ടും ബ്ലൗസുമാണ് വേഷം. തോര്‍ത്ത് തോളിലിട്ടിട്ടുണ്ട്. ചുമലില്‍ തത്തക്കൂട് തൂക്കിയിട്ടുണ്ട്. തലയില്‍ ചെറിയൊരു കൂട്ടയും. അവരെ കണ്ടയുടനെ പാറ്റ അകത്തു നിന്ന് വിളിച്ചു പറഞ്ഞു ‘അത് കുറത്തിയാണ്’ അപ്പോഴാണ് ആണ്ടിക്ക് കാര്യം പിടി കിട്ടിയത്. ഭാവിയും ഭൂതവുമൊക്കെ പറയുന്ന ആളാണ്. വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയും. അതില്‍ ഒരു സത്യവുമുണ്ടാവില്ല.
കൈരേഖ നോക്കി നടന്ന കാര്യങ്ങളും വാരാന്‍ പോകുന്ന കാര്യങ്ങളും സത്യസന്ധമായി പറയാം ചേട്ടാ.
കുറത്തി കളത്തിന്റെ തുമ്പില്‍ ഇരുന്നു. തത്തക്കൂട് അരികില്‍വെച്ചു. തലയിലെ പാത്രവും നിലത്ത് വെച്ചു. വീണ്ടും അവള്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ആണ്ടി ഇതിലൊന്നും വിശ്വസിക്കുന്ന ആളല്ല. ‘കഴിഞ്ഞ കാര്യങ്ങള്‍ എല്ലാം ഞങ്ങള്‍ക്കറിയാം വരാന്‍ പോകുന്നതും ഏകദേശം അറിയാം അത് കൊണ്ട് കൈരേഖ നോക്കി ഫലം പറയേണ്ട’
പാറ്റ കുറച്ചു കൂടി ശാന്തമായ് പറഞ്ഞു. ‘ഏയ് ആ പാവത്തിനോട് അങ്ങനെ പറയല്ലേ. ഒരിടങ്ങഴി നെല്ല് കൊടുക്കാം. അവള്‍ പറയുന്നത് കേള്‍ക്കാലോ? എന്റെ കൈ രേഖ നോക്കിക്കാം’
‘അങ്ങിനെയാണെങ്കില്‍ നിന്റെ ഇഷ്ടം’
കുറത്തി അടുക്കള ഭാഗത്തെ കളത്തില്‍ പ്ലാവിന്റെ തണല്‍ വീഴുന്നിടത്ത് മാറിയിരുന്നു. പാറ്റ കുറത്തിയുടെ മുമ്പിലിരുന്നു. കുറത്തി സഞ്ചിയില്‍ നിന്ന് കുറേ കാര്‍ഡുകള്‍ നിലത്ത് നിരത്തിയിട്ടു. കൂട്ടില്‍ നിന്ന് തത്തയെ തുറന്നു പുറത്ത് വിട്ടു.
‘തത്തമ്മേ ചേച്ചിയുടെ ഭാഗ്യകാര്‍ഡ് തെരഞ്ഞെടുത്തു തരൂ. തത്തമ്മ കാര്‍ഡുകള്‍ ഓരോന്നും ചികഞ്ഞ് നോക്കി ഒരു കാര്‍ഡ് കൊത്തിയെടുത്തു മാറ്റിവെച്ചു. കുറത്തി പ്രസ്തുത കാര്‍ഡ് എടുത്തു അതേപോലെ പാറ്റയുടെ വലതു കൈ നിവര്‍ത്തിപ്പിടിച്ച് രേഖ നോക്കുന്നു. പാറ്റയുടെ മുഖത്തേക്ക് നോക്കുന്നു കാര്‍ഡിലേക്കും നോക്കുന്നു. പറയാന്‍ തുടങ്ങി. വാക്കുകള്‍ നീട്ടി പറയും. കവിത ചൊല്ലുമ്പോഴുള്ള രീതിയിലാണ് ഭൂതം ഭാവി വര്‍ത്തമാനകാല ലക്ഷണങ്ങള്‍ പറയുന്നത്. ഇത് കേള്‍ക്കാന്‍ ആണ്ടി അടുക്കള ഭാഗത്ത് മറഞ്ഞിരുന്നു.
കുറത്തി തുടങ്ങി ‘നല്ലോരു ഭാഗ്യമുള്ള ചേച്ചിയാണ്. കെട്ടിയോന്‍ അതിനന്മയുള്ളവനാണ്. അദ്ദേഹത്തിന് സ്‌നേഹിക്കാനേ അറിയൂ. ആരെയും സഹായിക്കുന്ന മനസ്സുള്ളവനാണ്. ചേച്ചി ഒരു ആണ്‍കുഞ്ഞിന് ജന്മംനല്‍കിയിട്ടുണ്ട്. അവനും മിടുക്കനായി വളരും. രോഗത്തെ തൊട്ട് ശ്രദ്ധിക്കണം. അടുത്തത് പെണ്ണായിരിക്കും. എട്ട് മക്കളെ പ്രസവിക്കാനുള്ള ഭാഗ്യമുണ്ട്. എങ്കിലും ആറ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. കൂട്ടത്തില്‍ ഒരു മോന്‍ ഗവര്‍മെന്റ് ഉദ്യോഗസ്ഥനാവും ‘
ഇതെല്ലാം പാറ്റ മൂളിക്കേട്ടു. ആണ്ടിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പാറ്റയ്ക്ക് തൃപ്തി തോന്നി. ഒരിടങ്ങഴി നെല്ല് കൊടുത്തു. രണ്ട് തേങ്ങ ആവശ്യപ്പെട്ടതിനാല്‍ അതും കൊടുത്തു.
‘കുറത്തി മറ്റൊന്നും പറയാത്തത് ഭാഗ്യമായി. ‘പാറ്റ അതുകേട്ട് ചിരിച്ചു. കുട്ടിയുടെ രോഗത്തെ ശ്രദ്ധിക്കണമെന്ന് പറഞ്ഞത് അല്‍പം വേദന മനസ്സിലുണ്ടാക്കി.
ആണ്ടിയും കൂട്ടരും ജീവിച്ചു വന്ന കാലത്ത് പ്രക്കാനം കുഗ്രാമമായിരുന്നു. ഒരു വികസനവും എത്തി നോക്കാത്ത പ്രദേശം. നടന്നു പോകാന്‍ ഇടുങ്ങിയ കിളകള്‍. കിളകളില്‍ കല്ലിടാമ്പികള്‍, കൊല്ലികള്‍, പാറക്കൂട്ടങ്ങള്‍, തെയ്യം കല്ലായ് മറിഞ്ഞൊരിടം, കുറുക്കനും പന്നിയും വിഹരിക്കുന്ന കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശം. രാത്രിയായാല്‍ കുറുക്കന്മാരുടെ ഓരിയിടല്‍ ഗ്രാമമാകെ പ്രകമ്പനം കൊള്ളിക്കും.
ഇതൊക്കെയാണെങ്കിലും നാട്ടുകാരും അടുത്ത പ്രദേശത്തുള്ളവരും നിത്യേന പല ആവശ്യങ്ങള്‍ക്കുമായി പോയും വന്നുമിരിക്കുന്ന ദേശമാണിത്. പ്രക്കാനത്തിന്റെ വടക്കുകിഴക്കുഭാഗം നെയ്പുല്ല് വളരുന്ന പ്രദേശമാണ്. ഉണങ്ങിയമരങ്ങളും മരക്കൊമ്പുകളും, തോലും (പച്ചില) മറ്റും ആ ഭാഗങ്ങളില്‍ സുലഭമാണ്. പ്രക്കാനത്തിന്റെ തെക്കുപടിഞ്ഞാറുള്ള പ്രദേശത്തുള്ളവര്‍ക്ക് ഇത്തരം വിഭവങ്ങളുടെ അത്യാവശ്യമുണ്ട്. ആ പ്രദേശങ്ങളില്‍ ഇവയൊന്നും ലഭ്യമല്ലതാനും.
ഇവയൊക്കെ തലച്ചുമടായി പ്രക്കാനം പ്രദേശത്തുകൂടിയാണ് സ്ത്രീകള്‍ വഹിച്ചു കൊണ്ടുപോകേണ്ടത്. പുത്തൂര്‍,ചീമേനി, ഒയോളം ഭാഗങ്ങളില്‍ അക്കാലത്ത് ആള്‍വാസം കുറവുമാണ്. പ്രക്കാനത്ത് എത്തിയാലെ ജനവാസ മേഖല ഉണ്ടാവൂ.
അതിരാവിലെ തന്നെ ഇവ ശേഖരിക്കാന്‍ സ്ത്രീകള്‍ കൂട്ടംകൂട്ടമായി ഇവിടങ്ങളിലെത്തും. തൃക്കരിപ്പൂര്‍, മാണിയാട്ട്, കൊയോങ്കര, ചന്തേര, കരിവെള്ളൂര്‍ എന്നീ പ്രദേശങ്ങളിലെ ആള്‍ക്കാരാണ് പ്രക്കാനം വഴി കടന്നുപോയിരുന്നത്. ചുട്ടുപൊള്ളുന്ന വെയിലും, മകരമാസത്തിലെ മരം കോച്ചുന്ന തണുപ്പും ഒന്നും വകവെക്കാതെയാണ് സ്ത്രീകള്‍ അവരുടെ തൊഴിലിന് ഇറങ്ങുക.
ക്ഷീണിച്ചു നടന്നു വരുന്ന സ്ത്രീകളെ സഹായിക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന ചിന്ത ആണ്ടിയുടെ മനസ്സില്‍ ഇടം പിടിച്ചു. കൂട്ടുകാരുമായി ചര്‍ച്ച നടത്തി. പലരും പല നിര്‍ദ്ദേശങ്ങളും വെച്ചു. നമ്മുടെ ദേശം അവര്‍ക്കൊരു ഇടത്താവളമാവണം. ചുമട് നിലത്ത് ഇറക്കി വെച്ചാല്‍ പിടിച്ചു വീണ്ടും തലയില്‍ വെക്കാന്‍ ആരുടെയെങ്കിലും സഹായം വേണം. അത് ലഭിക്കാന്‍ പ്രയാസമാണ്. അങ്ങനെ പന്നിക്കുഞ്ഞപ്പു ഒരു നിര്‍ദ്ദേശം വെച്ചു. കുണ്ടു പൊയിലില്‍ ചുമടുതാങ്ങി നിര്‍മ്മിച്ചു കൊടുത്താലോ? കേട്ട ഉടനെ എല്ലാവരും അതിനെ പിന്താങ്ങി. പന്നിക്കുഞ്ഞപ്പു ആവശ്യമായ കല്ല് നല്‍കാമെന്ന് പറഞ്ഞു. കല്ല് ചെത്താന്‍ പൂച്ച രാമനും പൂഴിയും കുമ്മായവും സംഘടിപ്പിക്കാന്‍ ആണ്ടിയും അതിന് വേണ്ട അധ്വാനം ചെയ്യാന്‍ ചുരുട്ടഅമ്പുവും നങ്കന്‍ രാമനും തയ്യാറായി.
അടുത്ത ദിവസം തന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത ഓരോരുത്തരും അവരുടെ ഡ്യൂട്ടി ചെയ്തു. ഒരാഴ്ചക്കകം ചുമട് താങ്ങി റെഡിയായി. ഭാരം വഹിച്ച് നടക്കുന്ന സ്ത്രീകള്‍ക്ക് ഇതൊരാശ്വാസമായി. ഇത് സാധിച്ചു തന്ന സുമനസ്സുകളെ അവര്‍ മനസ്സുകൊണ്ട് സന്തോഷിച്ചു.
ദാഹിച്ചു വരുന്ന വഴിയാത്രക്കാര്‍ക്ക് ദാഹജലം കൊടുക്കാനുള്ള ഒരു സംവിധാനം കൂടെ ചുമടുതാങ്ങിക്കടുത്തു തന്നെ ഒരുക്കിയാല്‍ നല്ലതല്ലേയെന്ന ആണ്ടിയുടെ അഭിപ്രായത്തോട് സുഹൃത്തുക്കളും യോജിച്ചു. അങ്ങനെ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഏറ്റവും നല്ലൊരു പുണ്യകര്‍മ്മമായിരിക്കുമത് എന്ന് എല്ലാവരും സമ്മതിച്ചു. അത് എങ്ങനെ വേണമെന്ന അഭിപ്രായങ്ങള്‍ ഓരോരുത്തരും മുമ്പോട്ടു വെച്ചു. വേനല്‍ക്കാലത്തു മാത്രമെ അതിന്റെ അത്യാവശ്യമുളളു എന്നതിനാല്‍ താത്കാലികമായ ഒരു പന്തല്‍ മതി. അക്കാര്യം ഞാന്‍ ചെയ്യാമെന്നു കൊല്ലന്‍ രാമേട്ടന്‍ ഏറ്റു. ദിവസേന സമീപത്തുള്ള ഓരോ വീട്ടുകാര്‍ മോരും വെള്ളവും അതിന്റെ രുചിക്കൂട്ടും ഒരുക്കണം. അതിനാവശ്യമായ നല്ലൊരു മണ്‍കലം കയില്‍,പാട്ട, ഗ്ലാസ് ഇതൊക്കെ ഒരുക്കാനും ധാരണയായി. ഒരാഴ്ചക്കുള്ളില്‍ പ്ലാന്‍ പ്രകാരം പരിപാടി നടപ്പാക്കാന്‍ കഴിഞ്ഞു അങ്ങിനെ പ്രക്കാനത്ത് തണ്ണീര്‍ പന്തലും വന്നു. നന്മ വറ്റാത്ത മനസ്സുള്ളവര്‍ നാട്ടിലുണ്ടായാല്‍ ഇത്തരം സല്‍പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നുള്ളതിന് ദൃഷ്ടാന്തമാണ് പ്രക്കാനത്തെ ചുമടു താങ്ങിയും തണ്ണീര്‍ പന്തലും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page