പി പി ചെറിയാന്‍
ഒഹായോ: വ്യാഴാഴ്ച രാവിലെ ഒഹായോയിലെ ക്ലീവ്ലാന്‍ഡ് ഹൈറ്റ്സിലെ മോണ്ടിസെല്ലോ മിഡില്‍ സ്‌കൂളിലേക്ക് 15 വിദ്യാര്‍ത്ഥികളെ കൊണ്ടുപോവുകയായിരുന്ന ബസിനു തീപിടിച്ചു. നിമിഷ നേരത്തിനുള്ളില്‍ തീഗോളമായി മാറിയ ബസിനുള്ളില്‍ നിന്ന് ഡ്രൈവര്‍ ഒരു ഡസനിലധികം വിദ്യാര്‍ത്ഥികളെ പൊള്ളല്‍ പോലും ഏല്‍ക്കാതെ അതിസാഹസികമായി രക്ഷിച്ചു. വാഹനത്തിന്റെ പിന്‍ചക്രങ്ങളിലൊന്നിലാണ് ആദ്യമായി തീപിടിച്ചതെന്നു സ്‌കൂള്‍ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ലിസ് കിര്‍ബി പറഞ്ഞു. തീ പിടുത്തത്തില്‍ ബസ് പൂര്‍ണ്ണമായി കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം സ്‌കൂള്‍, ജില്ല, അഗ്‌നിശമന വകുപ്പ്, സംസ്ഥാന ഹൈവേ പട്രോള്‍ വിഭാഗം അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.