വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ മാതാവ് ഷെമിനയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു, മൊഴി ഇന്ന് രേഖപ്പെടുത്തും, കാമുകി ഫർസാനയുടെ സ്വർണ്ണവും അഫാൻ പണയം വെച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതക കേസിൽ പൊലീസ് പ്രതി അഫാന്റെ മാതാവ് ഷെമിനയുടെ മൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും. പ്രതിയുടെ ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് മൊഴി എടുക്കാൻ ഡോക്ടർമാർ പൊലീസിന് അനുമതി നൽകിയത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി ഇല്ലാതായതോടെ കൊലപാതകങ്ങൾ നടത്തേണ്ടി വന്നു എന്നാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. അതേസമയം ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
അഫാന്‍റെ മാതാവ് ഷെമിനക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. കാമുകി ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചിരുന്നു. പകരം മുക്കുപണ്ടം നൽകുകയായിരുന്നു. ഈ മാല എടുത്ത് തരണമെന് ഫർസാന അടുത്തിടെ ആവശ്യപ്പെട്ടിരിന്നുവെന്ന് പൊലീസ് പറയുന്നു. മാതാവിനെ ആക്രമിച്ച ശേഷം അഫാൻ നേരെ പോകുന്നത് പാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലേക്കാണ്. വീട്ടിലെത്തിയ ഉടൻ ഒമ്പത് മിനുട്ടിനുള്ളില്‍ സല്‍മാ ബീവിയെ കൊലപ്പെടുത്തി മാല എടുത്ത് തിരികെ വെഞ്ഞാറമൂട് ജംഗ്ഷിനിലേക്ക് വരികയായിരു‌ന്നു. വെഞ്ഞാറമൂട് ജംഗ്ഷനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാല പണയംവെച്ച് 74000 രൂപ വാങ്ങിയെന്ന് പൊലീസ് പറയുന്നു. ഇതില്‍ നിന്നും 40000 രൂപ ഫെഡറല്‍ ബാങ്കിലെ സ്വന്തം അക്കൗണ്ട് വഴി കടം വീട്ടുകയാണ് അഫാൻ ചെയ്തത്. ഇതിന് ശേഷമാണ് അടുത്ത കൊലപാതകങ്ങള്‍ക്കായി എസ് എൻ പുരത്തുള്ള പിതാവിന്‍റെ സഹോദരന്‍റെ വീട്ടിലെത്തുന്നതും പണം ചോദിച്ച ശേഷം സഹാദോരനെയും ഭാര്യയേയും കൊലപ്പെടുത്തുന്നതും.
കഴിഞ്ഞ ദിവസം രാത്രി ഡോക്ടറുടെ സമ്മതപ്രകാരം ആറ്റിങ്ങള്‍ ഡിവൈഎസ്പി മൊഴിയെടുക്കാന്‍ മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും അഫാന്‍റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാല്‍ മടങ്ങുകയായിരന്നു. വ്യാഴാഴ്ച മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അഫാന്‍റെയും ഷമിയുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. അഫാന്‍റെ ഗൂഗില്‍ സേര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാന് സൈബര്‍ പൊലീസിനും കത്ത് നല്‍കി. കൂട്ട ആത്മഹത്യക്ക് വഴി തേടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നുവെന്ന അഫാന്‍റെ മൊഴി സ്ഥിരീകരിക്കാനാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page