നീലേശ്വരം: പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതിക്ഷേത്രത്തില്‍ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തില്‍ പ്രധാന ആരാധനമൂര്‍ത്തിയായ കേണമംഗലത്ത് ഭഗവതിയുടെ കോലധാരിയെ നിശ്ചയിക്കുന്ന വരച്ചുവെക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കഴക സന്നിദ്ധിയില്‍ നടന്നു.
കോലധാരിയെ കണ്ടെത്തുന്നതിനുള്ള രാശിയില്‍ പള്ളിക്കര പ്രസാദ് കര്‍ണ്ണമൂര്‍ത്തിക്ക് കേണമംഗലത്ത് ഭഗവതിയുടെ കോലമണിയാന്‍ നിയോഗം ലഭിച്ചു. ഇതോടെ പ്രസാദ് കര്‍ണ്ണമൂര്‍ത്തി ക്ഷേത്രപരിസരത്ത് പ്രത്യേകം സജ്ജമാക്കിയ കുച്ചിലില്‍ വ്രതം ആരംഭിച്ചു. മാര്‍ച്ച് 4 മുതല്‍ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തില്‍ 11 തോറ്റങ്ങള്‍ ആടി ഭഗവതിയെ മനസിലേക്കും ശരീരത്തിലേക്കും ആവാഹിച്ചാണ് കര്‍ണ്ണമൂര്‍ത്തി കേണമംഗലത്ത് ഭഗവതിയുടെ കോലം ധരിക്കുക. പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസമായ മാര്‍ച്ച് ഒന്‍പത് ഞായറാഴ്ച രാവിലെ പകല്‍ 11 നും 11.30നും ഇടയിലെ ശുഭമൂഹൂര്‍ത്തത്തില്‍ കേണമംഗലത്ത് ഭഗവതിയുടെ തിരുമുടി നിവരും. വരച്ചുവെക്കല്‍ ചടങ്ങില്‍ വിവിധ കഴകങ്ങളിലെയും ക്ഷേത്രങ്ങളിലെയും ആചാരക്കാരും സ്ഥാനികരും,വാല്യക്കാര്‍,കമ്മറ്റി ഭാരവാഹികള്‍ നാട്ടുകാര്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു. മാര്‍ച്ച് 4 ന് രാവിലെ പള്ളിക്കര ഭഗവതിക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും എഴുന്നള്ളിക്കുന്നതോടെ മാര്‍ച്ച് 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന് തുടക്കമാകും.
