കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബൈക്കിലെത്തി വഴി യാത്രക്കാരിയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ കേസിലെ പ്രതികള്‍ സമാനമായ മറ്റൊരു കേസില്‍ അറസ്റ്റില്‍. കൂത്തുപറമ്പ്, കതിരൂരിലെ ടി മുദസിര്‍ (35), മലപ്പുറം, വാഴയൂര്‍, പുതുക്കോട്ടെ എ.ടി ജാഫര്‍ (28) എന്നിവരെയാണ് ചക്കരക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. ജനുവരി ഒന്‍പതിനു വൈകുന്നേരം ആറരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഐവര്‍ കുളം സ്വദേശിനിയായ എ പ്രേമജ (57)യുടെ മൂന്നേകാല്‍ പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചോടിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കവര്‍ച്ച ചെയ്ത മാല ഉരുക്കിയ നിലയില്‍ സുല്‍ത്താന്‍ ബത്തേരിയിലെ ആഭരണശാലയില്‍ നിന്നു കണ്ടെടുത്തു.
നൂറിലേറെ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യം പരിശോധിച്ചാണ് പ്രതികള്‍ അടുത്തിടെ കണ്ണവം പൊലീസ് അറസ്റ്റു ചെയ്ത കേസിലെ പ്രതികളാണ് മാല പൊട്ടിച്ചതെന്നു വ്യക്തമായത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണ്ണം സുല്‍ത്താന്‍ ബത്തേരിയില്‍ വിറ്റതായി സമ്മതിച്ചത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ സമാനമായ 20ല്‍ അധികം കേസുകളുള്ളതായി പൊലീസ് പറഞ്ഞു.
