മദ്യപിച്ചെത്തിയ വരന്‍ മാല ചാര്‍ത്തിയത് വധുവിന്റെ ഉറ്റസുഹൃത്തിനെ. ഇതുകണ്ട വധു വരനെ കണക്കിന് തല്ലുകയും വിവാഹം ഉപേക്ഷിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ശനിയാഴ്ചയാണ് നാടകീയ സംഭവം നടന്നത്. 26 വയസുകാരനായ വരന്‍ രവീന്ദ്ര കുമാര്‍ വിവാഹ ഘോഷയാത്രയില്‍ വേദിയിലേക്ക് വൈകിയെത്തിയതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതിനു ശേഷം വേദിയിലേക്ക് കയറിയ വരന്‍ വധുവിന് മാലയണിയുന്നതിനു പകരം തൊട്ടടുത്തു നിന്ന വധുവിന്റെ ഉറ്റ സുഹൃത്തിന്റെ കഴുത്തിലേക്ക് മാലയിടുകയായിരുന്നു. അപ്പോള്‍ തന്നെ വധു രാധാദേവി വരന്റെ മുഖത്തേക്ക് അടിക്കുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഇതിനുശേഷം ഇരു വീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിച്ചു. അതിനിടെ പരസ്പരം കസേരകള്‍ വലിച്ചെറിഞ്ഞ് സംഘര്‍ഷം സൃഷ്ടിച്ചു. ഒടുവില്‍ പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു. വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം പൊലീസ് തിരിച്ചയച്ചു. സ്ത്രീധനം ആവശ്യപ്പെട്ടതിന് വരനെതിരെയും കേസെടുത്തിട്ടുണ്ട്. ഇത് കൂടാതെ വധുവിന്റെ കുടുംബത്തെ അപമാനിച്ചതിന് വരനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. വരന്റെ വീട്ടുകാര്‍ അധിക സ്ത്രീധനം ആവശ്യപ്പെട്ടതായി വധുവിന്റെ വീട്ടുകാര്‍ മൊഴി നല്‍കി. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ക്കായി രണ്ടര ലക്ഷം രൂപയും വിവാഹദിവസം രാവിലെ രണ്ട് ലക്ഷം രൂപയും നല്‍കിയതായി വധുവിന്റെ പിതാവ് പറഞ്ഞു. എന്നാല്‍ വരന്റെ വീട്ടുകാര്‍ക്ക് ഇതൊന്നും മതിയായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം വധു മറ്റൊരാളെയാണ് വിവാഹം കഴിക്കാന്‍ താല്പര്യപ്പെട്ടിരുന്നത് എന്നും വിവരമുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് ഹാരം കൈമാറുന്ന ചടങ്ങ് നടക്കുമ്പോള്‍ വരന്‍ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
