പത്രസംസ്‌കാരത്തിന് മൂല്യച്യുതിയോ?

പി.പി.ചെറിയാന്‍

പത്രധര്‍മ്മത്തെക്കുറിച്ചും പത്രസംസ്‌കാരത്തെക്കുറിച്ചും സമകാലിക പത്രങ്ങളും പത്രപ്രവര്‍ത്തകരും സമൂഹത്തില്‍ ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. യഥാര്‍ത്ഥ പത്രധര്‍മ്മവും പത്രപ്രവര്‍ത്തകരും എങ്ങനെയുള്ളവരായിരിക്കണമെന്ന് വ്യക്തമായ കാഴ്ചപ്പാടുകള്‍ ബോധപൂര്‍വ്വം വിസ്മരിച്ച് മുന്നോട്ടുപോകുന്ന ശോചനീയമായ ഒരു അവസ്ഥാവിശേഷമാണ് മാധ്യമരംഗത്ത് ഇന്ന് നിലനില്‍ക്കുന്നത്. ഇതില്‍നിന്ന് ഒരു തിരിച്ചുവരവ് അടിയന്തിരമായി ഉണ്ടായിരിക്കേണ്ടിയിരിക്കുന്നു. പത്രധര്‍മ്മത്തെക്കുറിച്ചും പത്രപ്രവര്‍ത്തകരെക്കുറിച്ചും പൊതുജനമദ്ധ്യത്തില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുവാന്‍ ഇത് അനിവാര്യമാണ്. വാര്‍ത്താമാധ്യമങ്ങള്‍ ഒരു സംസ്‌കാരത്തിന്റെ മുഖംമൂടിയാണ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഒരു മാറാവ്യാധിപോലെ ദൃശ്യമായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതികളിലേക്ക് വെളിച്ചംവീശി അവയെ നേര്‍വഴിയിലേക്ക് നയിക്കേണ്ട വഴിവിളക്കുകളാണ്. പത്രധര്‍മ്മം എന്ന വാക്കിന്റെ അര്‍ത്ഥം പോലും ഇന്ന് ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. പത്രധര്‍മ്മം പാലിക്കുന്ന ആളായിരിക്കും യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്‍ എന്നായിരുന്നു ഇതുവരെയുള്ള അറിവ്. അതില്‍നിന്നും വ്യതിചലിച്ചു തരംതാഴ്ന്ന നിലയില്‍ നമ്മുടെ പത്രസംസ്‌കാരം എത്തിനില്‍ക്കുന്നു. പ്രാരംഭകാലഘട്ടത്തില്‍ നാടിന്റെ സ്പന്ദനം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പത്രധര്‍മ്മം എന്ന് വിശ്വസിക്കുകയും അതിന് അനുസൃതമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഈ അടിസ്ഥാനതത്വങ്ങളില്‍ നിന്നും വ്യതിചലിച്ചു സത്യസന്ധതയുടെ ഒരു തരിമ്പുപോലും പ്രകടിപ്പിക്കാതെ പൊടിപ്പും തൊങ്ങലുംവെച്ചു തന്മയത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് വാര്‍ത്താമാധ്യമങ്ങള്‍ പരസ്പരം മത്സരിക്കുകയാണ്. പത്രപ്രവര്‍ത്തനവും പത്രധര്‍മ്മവും ഇന്ന് വാണിജ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം. പണവും സ്വാധീനവും ഉള്ളവര്‍ എന്തും വിലകൊടുത്ത് എഴുതിപ്പിടിപ്പിക്കാവുന്ന വെറും കടലാസു കഷണമായി പത്രങ്ങള്‍ അധപ്പതിച്ചിരിക്കുന്നു.
സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനും ഉദ്ധരിക്കുന്നതിനും പത്രപ്രവര്‍ത്തകരില്‍ ചിലരെങ്കിലും തയാറാണെന്ന വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കാതെ ഉള്‍പ്പേജുകളില്‍ വലിയപ്പെടുമ്പോള്‍ സ്ത്രീപീഡനവും, കൊലപാതകവും, അക്രമരാഷ്ട്രീയവും ഗുണ്ടായിസവും ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ പത്രത്തിന്റെ മുന്‍പേജുകളില്‍ സ്ഥാനം പിടിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ ആസ്വാദ്യതയോടെ വായിക്കുവാന്‍ വെമ്പല്‍കൊള്ളുന്ന വായനക്കാരാണോ, അതോ വാണിജ്യവല്‍ക്കരണത്തിന്റെ പേരില്‍ സാധാരണ ജനങ്ങളെ വിഢികളാക്കുന്ന പത്രപ്രവര്‍ത്തകരാണോ ഇതിനുത്തരവാദികള്‍?.
പത്രധര്‍മ്മം പാടെ ഉപേക്ഷിച്ചു മനുഷ്യമനസ്സിലെ മൃദുലവികാരങ്ങളെ ചൂഷണം ചെയ്യുന്ന പൊടിപ്പും തൊങ്ങലും വെച്ച വാര്‍ത്തകള്‍ കുത്തിനിറക്കുന്ന മാധ്യമങ്ങളും പത്രപ്രവര്‍ത്തകരും പത്രസംസ്‌കാരത്തിന്റെ അന്തകരാണെന്ന് വിശേഷിപ്പിക്കുന്നതില്‍ യാതൊരു അപാകതയുമില്ല. സത്യസന്ധമായ വാര്‍ത്തകള്‍ പച്ചയായി എഴുതിയാല്‍ കിട്ടുന്ന വായനക്കാര്‍ വളരെ വിരളമാണെങ്കില്‍പോലും അതിനൊരു അന്തസ്സും തീരുമാനവും ഉണ്ട് എന്നതില്‍ തര്‍ക്കമില്ല.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ അമിതമായ സ്വാധീനം പത്രധര്‍മ്മത്തെയും പത്രപ്രവര്‍ത്തകരേയും തെറ്റായ ദിശയിലേക്ക് നയിക്കുന്നു എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. പൊതുജനങ്ങളില്‍ പ്രചുരപ്രചാരം ലഭിച്ച പല പത്രങ്ങളും ഇന്ന് ഓരോ രാഷ്ട്രീയ കക്ഷിയുടെയും അധീനതയിലാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ജനവിരുദ്ധ പ്രവര്‍ത്തനങ്ങളും അഴിമതിയും മറച്ച് വെയ്ക്കുന്നതിന് മറ്റൊരുവിധത്തില്‍ വെള്ളപൂശി പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിനുമുള്ള ഒരു മറയായി മാധ്യമങ്ങളെ മാറ്റിയിരിക്കുന്നു. സാധാരണക്കാരുടെ ദുരിതങ്ങളും ദുഃഖങ്ങളും അധികാര കേന്ദ്രങ്ങളില്‍ എത്തിച്ച് പരിഹാരം നേടിക്കൊടുക്കേണ്ട മാധ്യമങ്ങള്‍ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തീര്‍ത്തും വ്യതിചലിച്ചു രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങളായി അധപ്പതിച്ചിരിക്കുന്നത് പത്രധര്‍മ്മത്തെ പ്രാണവായു നല്‍കാതെ ഹിംസിക്കുന്നതിന് തുല്യമാണ്. പത്രത്തെയും മാധ്യമപ്രവര്‍ത്തകരെയും ഉയര്‍ന്ന നിലവാരത്തില്‍ നിലനിര്‍ത്തുന്നതില്‍ വായനക്കാരനും വിലപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. നിലവാരം കുറഞ്ഞ വാര്‍ത്തകള്‍ സ്ഥിരമായി പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ വായിക്കുന്നതില്‍ നിന്നും വായനക്കാര്‍ മാറിനില്‍ക്കണം. ഇപ്രകാരം വായനക്കാരില്‍ നുരഞ്ഞുപൊന്തുന്ന അസംതൃപ്തി മാധ്യമങ്ങളെ ഒരുപക്ഷേ പുനര്‍ചിന്തനത്തിലേക്കു നയിക്കാം. പ്രാരംഭകാലഘട്ടത്തില്‍ ജനഹൃദയങ്ങളില്‍ സ്ഥായിയായ സ്ഥാനവും സല്‍പ്പേരും നേടിയെടുക്കുന്നതിന് മാധ്യമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സംസ്‌കാരത്തിന്റെ പൈതൃകം ഭാവിതലമുറയിലേക്ക് പകര്‍ന്നു നല്‍കേണ്ട ഉത്തരവാദിത്വം ഒരു വെല്ലുവിളിയായി സ്വീകരിക്കുവാന്‍ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും മുന്നോട്ട് വരേണ്ടിയിരിക്കുന്നു. മാധ്യമധര്‍മ്മവും മാധ്യമപ്രവര്‍ത്തകരും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് ബോധ്യം വരുമ്പോളാണ് പത്രസംസ്‌കാരത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യം വീണ്ടെടുക്കുവാന്‍ സാധിക്കുക. ആര്‍ഷഭാരതം കെട്ടിപ്പടുത്ത പത്രസംസ്‌കാരം തീക്കൂനയിലേക്ക് വലിച്ചെറിയുന്നതിനു മുന്‍പ് മാറോടണച്ച് സംരക്ഷിക്കുവാന്‍ ഒറ്റക്കെട്ടായി മുന്നേറാം.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബേഡകത്ത് യുവാവിനെയും പൊലീസുകാരനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്: പ്രതികളായ സഹോദരങ്ങള്‍ സംഭവസ്ഥലത്തു നിന്നു ആദ്യം എത്തിയത് വേലക്കുന്നില്‍, വേഷം മാറിയ ശേഷം കുണ്ടംകുഴിയിലെത്തി കിടന്നുറങ്ങി, പുലര്‍ച്ചെ സ്വകാര്യ ബസില്‍ കയറി കാസര്‍കോട്ടെത്തി ചികിത്സ തേടി, വിഷ്ണുവും ജിഷ്ണുവും പിടിയിലായത് കന്യാകുമാരിയിലെ ലോഡ്ജില്‍ വച്ച്, തിരിച്ചറിയാതിരിക്കുവാന്‍ ഇരുവരും താടി വളര്‍ത്തി

You cannot copy content of this page

Light
Dark