പുത്തൂര്‍: ശസ്ത്രക്രിയക്ക് ഉപയോഗിച്ച തുണി എടുത്തു മാറ്റാതെ വയര്‍ തുന്നിക്കെട്ടിയ സംഭവത്തില്‍ സ്വകാര്യ ആശുപത്രി ഡോകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശരണ്യാലക്ഷ്മി എന്ന യുവതിയുടെ പരാതി പ്രകാരം പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അനിലിനെതിരെയാണ് പുത്തൂര്‍ പൊലീസ് കേസെടുത്തത്.
2024 ഡിസംബര്‍ മാസത്തിലാണ് പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായി വീട്ടിലെത്തിയ യുവതിക്ക് അസഹനീയമായ വയറുവേദനയും കടുത്ത പനിയും അനുഭവപ്പെട്ടു. വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ പനിക്കും വേദനയ്ക്കുമുള്ള മരുന്നു നല്‍കി പറഞ്ഞുവിട്ടു. പക്ഷെ, വേദന കുറയാത്തതിനെ തുടര്‍ന്ന് യുവതി മറ്റൊരു ഡോക്ടറെ കണ്ടു. തുടര്‍ന്ന് നടത്തിയ സ്‌കാനിംഗിലാണ് വേദനയ്ക്ക് കാരണം വയറ്റില്‍ മറന്നു വച്ച തുണിയാണെന്നു വ്യക്തമായത്. വീണ്ടും ശസ്ത്രക്രിയ നടത്തിയാണ് തുണി പുറത്തെടുത്തത്. ആശുപത്രി വിട്ട യുവതി സര്‍ക്കാരിനും ആരോഗ്യ മന്ത്രിക്കും പൊലീസിലും പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തത്.
