കാസർകോട്: കൊളത്തൂരിൽ ഞായറാഴ്ച രാത്രി കൂട്ടിൽ വീണ പുലിയെ മലകയറ്റിയതു ബള്ളൂർ പഞ്ചായത്തിലെ കർണാടക അതിർത്തിയിലുള്ള നെട്ടണിഗെ കൊളത്തിലപ്പാറ ഫോറസ്റ്റിൽ ആണെന്ന് നാട്ടിൽ പ്രചരണം. അതേസമയം മറാട്ടി വിഭാഗക്കാരായ പട്ടികജാതി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനിക്ക് അടുത്താണ് പുലിയെ മലകയറ്റി വിട്ടതെന്നാണ് പ്രചരണം. ഞായറാഴ്ച രാത്രി ഫോറസ്റ്റുകാരുടെ രണ്ട് കാറുകളും പച്ച നെറ്റ് പുതിച്ച പെട്ടിയോടുകൂടിയ ഒരു വാനും കൊളത്തില പാറയിലേക്ക് പോകുന്ന സിസിടിവി ദൃശ്യവും പ്രചരിക്കുന്നുണ്ട്. മറാട്ടി കോളനിയിൽ നിന്ന് ആളുകൾ പുറംനാടുകളിൽ എത്തുന്നത് ഈ ഫോറസ്റ്റിനോടു ചേർന്നുള്ള പാതയിലൂടെയാണ് . കുട്ടികൾ സ്കൂളിൽ പോകുന്നതും നാട്ടുകാർ കമ്പോളത്തിലും മറ്റ് ആവശ്യങ്ങൾക്കും കൂലിപ്പണിക്കുമൊക്കെ പോകുന്ന വഴിക്കരുകിലാണു പുലിയെ തുറന്നു വിട്ട തെന്നാണ് നാട്ടിൽ സംസാരം ഉയരുന്നത്. അതേസമയം നാട്ടുകാർ ജാഗ്രത പാലിക്കാൻ ഉപദേശമുണ്ട്. സംഭവത്തിൽ ഫോറസ്റ്റ് അധികൃതരുടെയും ഫോറസ്റ്റ് സമിതിയുടെയും വിശദീകരണവും ആളുകൾ തേടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഫോറസ്റ്റ് അധികൃതരെ ബന്ധപ്പെടാനും നാട്ടുകാർ ശ്രമം ആരംഭിച്ചിട്ടുണ്ട്. കൊളത്തൂരിൽ കൂട്ടിൽ വീണ പുലിയെ എവിടെയാണ് വനത്തിലേക്കു കയറ്റി വിട്ടതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
