ജയ്പൂര്‍: 32 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ 12 മണിക്കൂറിനു ശേഷം അത്ഭുതകരമായി രക്ഷപ്പെടുത്തി. രാജസ്ഥാന്‍ ഝലാവറിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് അഞ്ചുവയസ്സുള്ള പ്രഹ്‌ളാദ് എന്നു പേരുള്ള കുട്ടി 32 അടി താഴ്ചയിലുള്ള കുഴല്‍ കിണറില്‍ വീണത്. കൃഷി സ്ഥലത്തു കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു പ്രഹ്‌ളാദ് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് എന്‍ഡിആര്‍എഫ്, എസ്.ഡി.ആര്‍.എഫ് സംഘങ്ങള്‍ എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. രണ്ടു ദിവസം മുമ്പാണ് കൃഷിയിടത്തില്‍ പുതുതായി കുഴല്‍കിണര്‍ കുഴിച്ചത്. വെള്ളം കിട്ടാത്തതിനാല്‍ കിണര്‍ മൂടാന്‍ തീരുമാനിക്കുകയും ഭൂരിഭാഗവും മൂടുകയും ചെയ്തിരുന്നു. ബാക്കിഭാഗം പിന്നീട് മൂടാന്‍ വച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കുട്ടി അപകടത്തില്‍പ്പെട്ടത്.
