ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കിടെ തുരങ്കം തകര്‍ന്ന് അപകടം. നിരവധി തൊഴിലാളികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ 50 ഓളം തൊഴിലാളികള്‍ ടണിലുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇതില്‍ 43 ഓളം പേരെ രക്ഷപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 7 പേരാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തുരങ്കത്തില്‍ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നതെന്നാണ് വിവരം. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചില തൊഴിലാളികള്‍ ചോര്‍ച്ച പരിഹരിക്കാന്‍ അകത്ത് കയറിയപ്പോഴായിരുന്നു അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ തുരങ്കം അടച്ചിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി 4 ദിവസം മുന്‍പാണ് ഇത് തുറന്നത്.
ജില്ലാ കളക്ടര്‍, എസ്പി, ഫയര്‍ഫോഴ്സ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.







