കാസര്‍കോട്: കാസര്‍കോടിന്റെ കായിക മേഖല വെള്ളിയാഴ്ച ചരിത്രം കുറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനതാരമായി തെളിഞ്ഞ് നില്‍ക്കുന്ന പത്മഭൂഷന്‍ സുനില്‍ മനോഹര്‍ ഗവാസ്‌കറുടെ പേര് കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയം റോഡിന് നാമകരണം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ മുന്‍സിപ്പല്‍ സ്റ്റേഡിയം റോഡ് കോര്‍ണറില്‍ എത്തിയ അദ്ദേഹത്തെ ജില്ലാ, താലൂക്ക് അധികൃതരും, മുന്‍സിപ്പല്‍ ഭാരവാഹികളും, ജനപ്രതിനിധികളും, രാഷ്ട്രീയ പ്രതിനിധികളും, കായിക-ക്രിക്കറ്റ് പ്രേമികളും ഹാര്‍ദമായി വരവേറ്റു. നാട്ടുകാരുടെ വലിയ സാന്നിധ്യവുമുണ്ടായിരുന്നു. റോഡ് കോര്‍ണറില്‍ സ്ഥാപിച്ച ഗവാസ്‌കറുടെ പേര് ആലേഖനം ചെയ്ത നാമഫലകം ജനക്കൂട്ടത്തിന്റെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ സുനില്‍ ഗവാസ്‌കര്‍ അനാച്ഛാദനം ചെയ്തു. വിവിധ മേഖലകളില്‍ പെട്ട പ്രമുഖ വ്യക്തികളും പ്രമുഖ വ്യവസായികളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. തുടര്‍ന്ന് ചെട്ടുംകുഴിയിലുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ ഗവാസ്‌കര്‍ക്ക് ആദരവ് നല്‍കി. പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിച്ചു.
